വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ സാമൂഹികപ്രവർത്തകയും പാച്ചുവും അത്ഭുതവിളക്കും ഡൊമിനിക് ആന്റ് ദി പേഴ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ വിജി വെങ്കടേഷ്. ചിത്രത്തിന്റെ ട്രെയ്ലർ കണ്ട് പൊട്ടിചിരിച്ചെന്ന് വിജി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പ്രതികരിച്ചു.
'കേരള സ്റ്റോറി 2-നേക്കുറിച്ചുള്ള രസകരമായ റീലുകൾ കണ്ട് താൻ ചിരിച്ചുമരിച്ചു. അവയിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കി ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും നിർബന്ധിച്ച് കഴിപ്പിക്കേണ്ടി വരില്ല എന്ന വിജി കുറിച്ചത്. അതേസമയം, കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നല്കിയിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Social activist and actress Viji Venkatesh against Kerala Story