കണ്ടിന്യൂറ്റി നിലനിർത്താൻ വേണ്ടിയാണ് മീശ പിരിച്ചു വെക്കുന്നത്, സിനിമ കഴിയുമ്പോൾ അത് താഴും; മോഹൻലാൽ

'മീശ നല്ലതല്ലേ.. ഈ സിനിമയ്ക്ക് വേണ്ടിയാണ് വെച്ചത്, സിനിമ കഴിയുമ്പോൾ അത് താഴും' എന്ന് മോഹൻലാൽ

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് L 366 . L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഒപ്പം മീരാ ജാസ്മിനും എത്തുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി മോഹൻലാൽ താടി വടിച്ചതും മീശ പിരിച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു. പൊതുപരിപാടികളിലും നടൻ മീശ പിരിച്ചാണ് എത്തുന്നത്, ഇപ്പോഴിതാ കണ്ടിന്യൂറ്റി നിലനിർത്താൻ വേണ്ടിയാണ് മീശ പിരിച്ചു വെക്കുന്നതെന്നും താഴ്ത്താൻ നോക്കിയാലും മീശ പൊങ്ങി വരുമെന്നും മോഹൻലാൽ പറഞ്ഞു. സിനിമ കഴിഞ്ഞാൽ മീശ താഴുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

'ഈ മീശ ഞാൻ ഒരു സിനിമയ്ക്ക് വേണ്ടി വെച്ചതാണ്. ഒരു പൊലീസ് ഓഫീസർ ആയാണ് ഞാൻ ആ സിനിമയിൽ എത്തുന്നത്. അതുകൊണ്ട് ഈ മീശ താഴേക്ക് വെച്ചാൽ അത് പിന്നെ താഴേക്ക് തന്നെ ആയിപ്പോകും, ആ ഒരു കണ്ടിന്യൂറ്റി നിലനിർത്താൻ വേണ്ടി വെക്കുന്നുവെന്നേ ഉള്ളൂ. താഴ്ത്തി വെക്കാൻ ഞാൻ നോക്കി പക്ഷെ ചിലപ്പോൾ അത് പൊങ്ങി വരും. മീശ നല്ലതല്ലേ.. ഈ സിനിമയ്ക്ക് വേണ്ടിയാണ് വെച്ചത്. ഈ സിനിമ കഴിയുമ്പോൾ അത് താഴും,' മോഹൻലാൽ പറഞ്ഞു.

സിനിമയിൽ നിന്നുള്ള ലാലേട്ടന്റെ പോസ്റ്ററും കഥാപാത്രത്തിന്റെ പേരും നേരത്തെ പുറത്തുവന്നിരുന്നു. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366. നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇത് പുതിയ കഥയാണെന്നും അല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലാലേട്ടൻ #L366 ലെ മീശപിരിയെ കുറിച്ച് സംസാരിയ്ക്കുന്നു ❤️😁#Mohanlal @Mohanlal pic.twitter.com/CdLsU8ESql

തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്. ചിത്രം ഈ വര്‍ഷമോ അടുത്ത വര്‍ഷം തുടക്കത്തിലോ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം എത്തുന്ന പാട്രിയറ്റ്, കാമിയോ വേഷത്തിലെത്തുന്ന ഖലീഫ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights: Mohanlal grew a moustache specifically for his latest film role. He mentioned he will continue sporting the moustache until the film’s shooting wraps up. Fans are curious about how the moustache will influence his on-screen appearance.

To advertise here,contact us