

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം മമ്മൂട്ടിയെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഇപ്പോഴിതാ പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. പത്മഭൂഷണ്‍ എന്നൊന്നും ഞാന്‍ എന്റെ പേരിന്റെ കൂടെ പറയാറില്ല, അത് നിങ്ങള്‍ക്കൊക്കെ ആഘോഷിക്കാനുള്ള ഒരു വാക്കാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ജീവകാരുണ്യ പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
'നിങ്ങൾക്ക് ആഘോഷിക്കാനുള്ള വാക്കാണ് പത്മഭൂഷൺ. ഞാൻ പത്മഭൂഷൺ മമ്മൂട്ടി എന്ന് പറയാറുമില്ല പറയാനും പാടില്ല. അതുകൊണ്ട് എനിക്ക് അത് ബാധിക്കുന്നില്ല. അത് നിങ്ങൾക്ക് മാത്രം കൈകാര്യം ചെയ്യാവുന്ന ഒരു പേരാണ്. എന്നെ മമ്മൂട്ടി എന്ന് മാത്രം വിളിച്ചാൽ മതി. ഞാൻ മമ്മൂട്ടി മാത്രമാണ്, നിങ്ങൾക്കാണ് പത്മഭൂഷൺ മമ്മൂട്ടി', മമ്മൂട്ടിയുടെ വാക്കുകൾ. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 16-ാം വാർഷികത്തോടനുബന്ധിച്ച്, ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
'കേൾവി എന്നത് ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവർക്കു വേണ്ടിയാണ് ഈ പദ്ധതി. നന്മചെയ്യുക , നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക. ഇതാണ് ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം',മമ്മൂട്ടി കൂട്ടിച്ചേർത്തു.
അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്ര ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Content Highlights: Mammootty talks about his padmabhushan award and how he felt after receiving it