കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മധു സി നാരായണൻ. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ വലിയ വിജയം നേടിയിരുന്നു. മലയാളത്തിലെ ഒരു കൾട്ട് ക്ലാസിക് സിനിമയായി കണക്കാക്കപ്പെടുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. സിനിമയുടെ വലിയ വിജയത്തിന് ശേഷം പിന്നീട് മധു സി നാരായന്റെതായി സിനിമകൾ ഒന്നും ഇറങ്ങിയിരുന്നില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈ ഇടവേളയുടെ കാരണം വെളിപ്പെടുത്തുകയാണ് മാത്യു തോമസ്.
ഒരു സിനിമ കഴിഞ്ഞ ഉടനെ അടുത്ത സിനിമ ചെയ്യുന്ന ആളല്ല മധു സി നാരായണൻ എന്നും എന്തെങ്കിലും ചെയ്യുമ്പോൾ അതിനെ ബെസ്റ്റ് ആയി തന്നെ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹമെന്നും മാത്യു തോമസ് പറഞ്ഞു. സോൾട്ട് ആൻഡ് പെപ്പറിന്റെ ടൈം മുതൽക്കേ മധുവേട്ടന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശയം ആയിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ആദ്യം ഞാൻ ചെയ്യാനിരുന്ന കഥാപാത്രം ചെയ്യാനിരുന്നത് ശ്രീനാഥ് ഭാസി ആയിരുന്നു. അവിടന്നാണ് മധുവേട്ടൻ ഇത് ഡെവലപ് ചെയ്യുന്നത്. ഷൂട്ട് തുടങ്ങുന്നതിന് നാല് വർഷം മുൻപ് മധുവേട്ടൻ കുമ്പളങ്ങിയിൽ ഷിഫ്റ്റ് ആയി അവിടത്തെ കാര്യങ്ങൾ മനസിലാക്കി. അതാണ് ആ സിനിമയുടെയും മാജിക്. അതുകൊണ്ടാണ് ആ സിനിമയിൽ അത്രയും ഡീറ്റൈലിംഗും മാജിക്കും. എന്തെങ്കിലും ചെയ്യുമ്പോൾ അതിനെ മനസിലാക്കി അത് ബെസ്റ്റ് ആക്കി ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്', മാത്യുവിന്റെ വാക്കുകൾ.
കുമ്പളങ്ങി നൈറ്റ്സിന് ശേഷം നസ്ലെനുമായി മധു സി നാരായണൻ ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ തുടർന്ന് സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഡാഡി കൂൾ, സോൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിൽ ആഷിക് അബുവിന്റെ സഹസംവിധായകനായാണ് മധു സി നാരായണൻ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. 2016ൽ പ്രദർശനത്തിനെത്തിയ ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി.
2019 ഫെബ്രുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ കുമ്പളങ്ങി നൈറ്റ്സ് റിലീസ് ചെയ്തത്. കുമ്പളങ്ങിയുടെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് സ്വഭാവത്തിൽ കഥ പറഞ്ഞ സിനിമ പ്രേക്ഷക-നിരൂപക പ്രശംസകള് നേടുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം ഉൾപ്പടെ നാല് സംസ്ഥാന പുരസ്കാരങ്ങളും സിനിമ നേടിയിരുന്നു.
Content Highlights: Mathew Thomas talks about kumbalangi nights director madhu c narayanan