മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ. മല്ലു അർജുൻ എന്നാണ് സ്നേഹത്തോടെ നടനെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു സിനിമയാണ് ഹാപ്പി. കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
4K ഡോൾബി അറ്റ്മോസിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ 'ഹാപ്പി' സംവിധാനം ചെയ്തത് എ കരുണാകരനായിരുന്നു. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.
സിനിമ 20 വർഷം പൂർത്തിയായ വേളയിൽ എല്ലാവരോടും നന്ദി അറിയിച്ച് അല്ലു അർജുൻ എത്തിയിരുന്നു. 'ഹാപ്പി എന്റെ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ ചിത്രങ്ങളിൽ ഒന്നാണ്. ഈ യാത്ര മനോഹരമാക്കിയ എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി,' ഹാപ്പി ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകേഷ് കനകരാജ് ഒരുക്കുന്ന AA 23 ആണ് ഇനി പുറത്തുവരാനുള്ള അല്ലു ചിത്രം. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് അനൗൺസ്മെന്റ് വീഡിയോ നൽകുന്നത്.
ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മൈത്രി മൂവി മേക്കേഴ്സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും. അല്ലു അർജുനും- ലോകേഷും-അനിരുദ്ധും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.
Content Highlights: Allu arjun film happy to re release in 4k soon in cinemas