മലയാള സിനിമയ്ക്ക് ഒരിടവേള നൽകി നടൻ ജയറാം മറ്റു ഭാഷകളിൽ സജീവമാകുന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് നടന് ലഭിക്കുന്നതെന്നും എന്തിനാണ് ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ആയിരുന്നു ആരാധകരുടെ പ്രധാന ചോദ്യം. ഇപ്പോഴിതാ ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് ജയറാം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടുമാത്രമാണ് സിനിമകൾ ചെയാത്തതെന്ന് ജയറാം പറഞ്ഞു. മാതൃഭൂമിയുടെ ക ഫെസ്റ്റിൽ ആയിരുന്നു നടന്റെ പ്രതികരണം.
എന്നാൽ അന്യഭാഷയിൽ അച്ഛന് കൂടുതൽ പണം കിട്ടുന്നത് കൊണ്ടാണെന്ന് കാളിദാസ് വേദിയിൽ തമാശ ആയി പറഞ്ഞപ്പോൾ ഉടനെ തന്നെ അതിനെ തിരുത്തുകയും ജയറാം ചെയ്തു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ എന്നത് കൊണ്ട് തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥ വരണമെന്ന് ഉണ്ടായിരുന്നുവെന്നും അതുപോലൊരു സിനിമയാണ് റിലീസിന് ഒരുങ്ങുന്ന ആശകൾ ആയിരം എന്നും ജയറാം പറഞ്ഞു.
'ആളുകൾ ചോദിക്കുന്നത് ശരിയാണ്. 2019 ന് ശേഷം രണ്ട് മലയാളം സിനിമകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. ഒന്ന് സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയും മിഥുൻ മാനുവലിന്റെ എബ്രഹാം ഓസ്ലറും. എന്തുകൊണ്ട് മലയാളം ചെയ്യാതെ മറ്റു ഭാഷകളിൽ പോയി സൈഡ് റോളുകൾ ചെയ്യുന്നുവെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്.' എന്ന് ജയം പറഞ്ഞു. ഇതിന് മറുപടിയായി തമാശ രൂപേനെ നല്ല പൈസ കിട്ടുന്നുണ്ട് എന്ന് കാളിദാസ് പറഞ്ഞു.
'അത് മാത്രമല്ല കണ്ണാ, എന്നെ തേടി ഞാൻ മനസിൽ ആഗ്രഹിക്കുന്ന ടൈപ്പ് സിനിമ വന്നില്ല എന്നത് ഒരു കാരണമാണ്. എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് ഇടവേളയ്ക്ക് ശേഷം എന്നെ തേടി എത്തിയതിൽ ഈ സിനിമ കൊള്ളാം എന്ന് തോന്നിയത് ആശകൾ ആയിരം ആണ്. ഈ സിനിമ ചെയ്താൽ ആളുകൾ മോശം പറയില്ല എന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെയാണ് ആ സിനിമ ജൂഡ് വന്ന് പറഞ്ഞപ്പോൾ തിരഞ്ഞെടുത്തതും ചെയ്തതും.,' ജയറാം പറഞ്ഞു.
Content Highlights: Actor opens up about why Jayaram has stepped back from acting in Malayalam movies.