'മമ്മൂട്ടിയുടെ വില്ലനെ കണ്ടെത്തിയത് ബെംഗളൂരുവിലെ പബ്ബിൽ നിന്ന്'; സ്വാമി ജോണി വാക്കറിലേക്ക് എത്തിയത് ഇങ്ങനെ

മുടി ഒന്ന് ബാക്കിലേക്ക് ആകാമോ എന്ന് ചോദിച്ചു, മുഴുവൻ മുടിയും പിന്നിലേക്ക് മാറിയപ്പോൾ കറക്റ്റ് ഇന്ന് നമ്മൾ കാണുന്ന സ്വാമി. ആ സിനിമ കാണുമ്പോൾ അറിയാം കാതിൽ ഒരു പ്രത്യേകതരം കമ്മൽ ഉണ്ട്. ഇന്നും അത് ഫാഷൻ ആണ്.

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജയരാജ്. മമ്മൂട്ടിയെ നായകനാക്കി 1992 ൽ അദ്ദേഹം സംവിധാനം ചെയ്ത ജോണി വാക്കർ എന്ന സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. റിലീസ് സമയത്ത് തിയേറ്ററുകളില്‍ വിജയം നേടാനാകാതിരുന്ന സിനിമ പിന്നീടുള്ള വര്‍ഷങ്ങളിലാണ് പലരുടെയും പ്രിയ ചിത്രമായി മാറിയത്. സിനിമയിലെ വില്ലൻ വേഷം ശ്രദ്ധ നേടിയിരുന്നു. ഒരു പബ്ബിൽ നിന്നാണ് ഈ കഥാപാത്രം ചെയ്ത നടനെ കണ്ടെത്തിയത് എന്ന് പറയുകയാണ് സംവിധായകൻ. ജയരാജ് തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

'ജോണി വാക്കറിലെ കമൽ ഗോവർ അല്ലെങ്കിൽ സ്വാമി എന്ന വില്ലൻ കഥാപാത്രം ആളുകളുടെ മനസിൽ മായാതെ കിടക്കുന്നുണ്ട്. അദ്ദേഹത്തെ എങ്ങനെയാണ് കണ്ടുപിടിച്ചതെന്ന് ആളുകൾ എന്നോട് ഇപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. 1990 ൽ ഇറങ്ങിയ സിനിമയാണ് അത് എന്ന് ഓർക്കണം. 89, 90 കാലഘട്ടങ്ങളിലാണ് ജോണി വാക്കർ ഞങ്ങൾ ചിത്രീകരിക്കുന്നത്.ബാംഗ്ലൂരിന്റെ പശ്ചാതലത്തിലാണ് കഥയുടെ ഭൂരിഭാഗവം നടക്കുന്നത്. ഇന്നത്തെപോലെ തന്നെ ലഹരിമരുന്നുകളുടെ ഇൻഫ്ലുവൻസ് ക്യാമ്പസുകളിൽ ഉള്ള ഒരു കാലമാണ്.

വളരെ വൈബ്രന്റ് ആയിട്ടുള്ള ഡ്രഗ് പുഷേഴസിന്റെ അല്ലെങ്കിൽ ക്യാമ്പസിൽ ഇൻഫ്ലുവൻസ് ആയിട്ടുള്ള ഡ്രഗ് ക്യാരിയേഴ്സിന്റെ ഒക്കെ രൂപം വില്ലൻ കഥാപാത്രത്തിൽ ഉണ്ടാവണം എന്നുണ്ടായിരുന്നു. തിരക്കഥ എഴുതിയതിനു ശേഷം ഞങ്ങൾ ബാംഗ്ലൂരിൽ ഒരു ലൊക്കേഷൻ കാണാൻ പോകുന്നു. ഞാനും തിരക്കഥാകൃത്ത് രഞ്ജിതും ആക്ടർ അഗസ്റ്റിനും കൂടെയാണ് പോകുന്നത്. ഞങ്ങൾ അവിടെ പല പല പബ്ബുകളിലാണ് ആദ്യം പോകുന്നത്. ബാംഗ്ലൂരിൽ അന്നും ഇന്നും വൈബ്രന്റ് ഫീൽ എന്ന് പറയുന്നത് പബ്ബുകളാണ്.

അന്ന് 89ൽ പോലും 365 പബ്ബുകൾ ഉണ്ട് ബാംഗ്ലൂരിൽ. അതിൽ ഏറ്റവും പ്രശസ്തമായിരുന്നത് ബ്ലാക്ക് ക്യാഡലിയാക്ക്, പബ്ബ് വേൾഡ് തുടങ്ങിയിട്ടുള്ളതാണ്. ഓരോ പബ്ബും ഡിഫറന്റ് ആണ്, ഒന്നൊരു മെക്സിക്കൻ സ്റ്റൈൽ ആണെങ്കിൽ മറ്റൊന്ന് ഇറ്റാലിയൻ കൈൻഡ് ആയിരിക്കും. പബ്ബ് വേൾഡിലാണ് ഞങ്ങൾ പോയത്. സിനിമയുടെ കഥയും അതിന്റെ ആംബിയൻസിനെ കുറിച്ചൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് കുറച്ചു മുടിയൊക്കെ നീട്ടി വളർത്തിയ ഒരാൾ വളരെ വേഗത്തിൽ ഇങ്ങനെ നടന്നുപോകുന്നത് ഞാൻ കാണുന്നത്.

ഓരോ ടേബിളിലും പോയി പുള്ളിയുടെ സുഹൃത്തുക്കളെ കണ്ട് സംസാരിക്കുന്ന മുടി വളർത്തിയ ഒരാൾ. അന്ന് മുടി വളർത്തിയ ആൾക്കാർ വളരെ കുറവാണ്. നമ്മൾ ഉദ്ദേശിക്കുന്ന വില്ലൻ അല്ലെങ്കിൽ സ്വാമിയുടെ കഥാപാത്രം ചെയ്യാൻ ഇയാൾ നന്നായിരിക്കില്ലേ എന്ന് ഞാൻ രഞ്ജിയോട് പറഞ്ഞു. രഞ്ജി നോക്കിയിട്ട് നമ്മുക്ക് ഒന്ന് സംസാരിച്ച് നോക്കാം എന്ന് പറഞ്ഞു. അയാളെ വിളിച്ചു, ഞങ്ങളുടെ മനസ്സിൽ സ്വാമിയാണ് അടുത്തേക്ക് വരുന്നത്. പേര് എന്താണെന്ന് ചോദിച്ചു. കമൽ ഗോവർ എന്നദ്ദേഹം പറഞ്ഞു. രാജസ്ഥാൻകാരനാണ് പക്ഷേ ഇപ്പം ബാംഗ്ലൂരിൽ സ്ഥിരതാമസം ആണെന്ന് പറഞ്ഞു, മോഡലിംഗ് എല്ലാം ഉണ്ട്, പക്ഷെ പുള്ളി ആഗ്രഹിക്കുന്നത് അഭിനയം ആണെന്ന് എന്റെ മനസിൽ തോന്നി.

അന്ന് മൊബൈൽ ഒന്നും ഇല്ലല്ലോ ഒന്ന് രണ്ട് ഫോട്ടോസ് അയക്കണം എന്ന് പറഞ്ഞു. മുടി ഒന്ന് ബാക്കിലേക്ക് ആകാമോ എന്ന് ചോദിച്ചു, മുഴുവൻ മുടിയും പിന്നിലേക്ക് മാറിയപ്പോൾ കറക്റ്റ് ഇന്ന് നമ്മൾ കാണുന്ന സ്വാമി. ആ സിനിമ കാണുമ്പോൾ അറിയാം കാതിൽ ഒരു പ്രത്യേകതരം കമ്മൽ ഉണ്ട്. ഇന്നും അത് ഫാഷൻ ആണ്. ആ മുടിയും കീറിയ ജീൻസും ആയപ്പോൾ ഞങ്ങൾ ഉറപ്പിച്ചു ഇത് തന്നെയാണ് സ്വാമി എന്ന്,' ജയരാജൻ പറഞ്ഞു.

Content Highlights: Jayaraj discusses the process of casting Mammootty as the villain in the film Johnnie Walker.

To advertise here,contact us