ആ വാർത്ത സത്യമല്ല! 'ഷാരൂഖ് ഖാനുമായി വീണ്ടും ഒന്നിക്കും പക്ഷെ ആ ചിത്രം ഡോൺ 3 അല്ല'; അറ്റ്ലീ

ഡോൺ 3 താൻ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത വ്യാജമാണെന്ന് അറ്റ്ലീ

ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. സിനിമയിൽ ആരാണ് നായകനായി എത്തുന്നതെന്ന ചർച്ചയിലാണ് ബോളിവുഡ്. രൺവീർ സിങ് നായകൻ ആകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സിനിമയിൽ നിന്ന് രൺവീർ പിന്മാറിയെന്നും ഷാരൂഖ് ഖാൻ തന്നെ നായകൻ ആകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സിനിമ അറ്റ്ലീ സംവിധാനം ചെയ്‌താൽ മാത്രമേ ഷാരൂഖ് അഭിനയിക്കൂവെന്നും പിന്നാലെ റിപ്പോട്ടുകൾ എത്തി. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് അറ്റ്ലീ. താനും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുമെന്നും എന്നാൽ അത് ഡോൺ 3 യിൽ അല്ലെന്നും സംവിധായകൻ വ്യക്തമാക്കി.

ജവാൻ 2 ൽ ഷാരൂഖുമായി വീണ്ടും ഒന്നിക്കാനുള്ള പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അറ്റ്ലീ മറുപടി നൽകിയത്. 'ഞാനും ഷാരൂഖ് സാറും തീർച്ചയായും ഒന്നിക്കും. പക്ഷേ ജവാൻ 2, ഉടനെ ഉണ്ടാകില്ല, ഒരുപക്ഷേ കുറച്ച് വർഷങ്ങൾക്ക് ശേഷം നടക്കും. നല്ല പ്രോജക്ട് വന്നാൽ ഞങ്ങൾ ചെയ്യും. ഡോൺ 3 ഞാൻ സംവിധാനം ചെയ്യുമെന്നത് കിംവദന്തിയാണ്. ഞാനും ആ വാർത്ത വായിച്ചു. പക്ഷെ അങ്ങനെയൊന്നുമില്ല,' അറ്റ്ലീ പറഞ്ഞു.

2006 ലാണ് 'ഡോൺ' ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനവും ഫർഹാൻ അക്തറിന്റെ സംവിധാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 2011 ലാണ് 'ഡോൺ 2' പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ബൊമൻ ഇറാനി, പ്രിയങ്ക ചോപ്ര, കുണാൽ കപൂർ, ഓം പുരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗം പുറത്തിറങ്ങാൻ ഒരുങ്ങിയത്.

അതേസമയം, അറ്റ്ലീയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ അല്ലു അർജുൻ നായകൻ ആകുന്ന പാൻ ഇന്ത്യൻ ചിത്രമാണ്. സിനിമയിൽ ദീപിക പദുകോൺ ആണ് നായിക. സിനിമയുടെ വലിയ സ്കെയിലും വമ്പൻ ബജറ്റും കണക്കിലെടുത്താണ് രണ്ട് ഭാഗങ്ങളായി സിനിമ പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗം 2026 അവസാനത്തോടെ പുറത്തിറങ്ങും. ഈ ഭാഗം പുറത്തിറങ്ങിയതിന് ശേഷമാകും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ഹോളിവുഡ് ടെക്‌നിഷ്യൻസ് ഉൾപ്പെടെയുള്ളവർ ചിത്രത്തിൽ വർക്ക് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

Content Highlights: Atlee denied reports about directing Don 3. He termed the claims as fake and misleading.The clarification comes amid widespread speculation.

To advertise here,contact us