അജു വർഗീസിനെ സജസ്റ്റ് ചെയ്‌തത് നിവിൻ, ആ വേഷം ചെയ്യാൻ മറ്റൊരു നടൻ ആയിരുന്നു തന്റെ മനസിൽ എന്ന് അഖിൽ സത്യൻ

'അജു ആയിട്ട് എനിക്ക് അത് സെറ്റ് ആണ്. അജു സെറ്റിൽ ഉണ്ടെങ്കിൽ ഹാപ്പി ആണ്. സീനുകൾ ഇമ്പ്രോവൈസ് ചെയ്യാൻ തോന്നും'

മലയാള സിനിമയിലെ ഹിറ്റ് കോംബോകളിൽ ഒന്നാണ് അജു വർഗീസ് നിവിൻ പോളി കൂട്ടുകെട്ട്. ഇരുവരുടെയും തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ സൂപ്പർ ഹിറ്റായി തിയേറ്ററിൽ പ്രദർശനം തുടരുന്ന സർവ്വം മായയിൽ അജുവിനൊപ്പമുള്ള സീനുകൾ ഓർമിക്കുകയാണ് നിവിൻ പോളി. അജു സെറ്റിൽ ഉണ്ടെങ്കിൽ താൻ ഹാപ്പി ആണെന്നും നിവിൻ പറയുന്നു. സിനിമയിലേക്ക് അജു വർഗീസിനെ സജസ്റ്റ് ചെയ്തത് നിവിൻ പോളി ആളാണെന്ന് അഖിൽ സത്യൻ പറഞ്ഞു. തെന്റെ മനസിൽ ആ വേഷം ചെയ്യാൻ മറ്റൊരു നടൻ ആയിരുന്നുവെന്നും അഖിൽ കൂട്ടിച്ചേർത്തു.

'ആദ്യ സിനിമ മുതൽ ഒരുമിച്ചുള്ള ആളാണ് അജു. അതുകൊണ്ട് തന്നെ ഓഫ് സ്ക്രീൻ ഓൺ സ്ക്രീൻ ഞങ്ങൾ ക്ലോസ് ആണ്. രസകരമായ സിങ്ക് ഉണ്ട് ഞങ്ങൾ തമ്മിൽ അഭിനയിക്കുമ്പോൾ. പറയാതെ തന്നെ ഒരു ഗിവ് ആൻഡ് ടേക്ക് വരാറുമുണ്ട് എപ്പോഴും. അത് നമ്മൾ അഭിനയിക്കുന്ന എല്ലാവരും ആയി കിട്ടില്ല. അജു ആയിട്ട് എനിക്ക് അത് സെറ്റ് ആണ്. അജു സെറ്റിൽ ഉണ്ടെങ്കിൽ ഹാപ്പി ആണ്. സീനുകൾ ഇംപ്രോവൈസ്‌ ചെയ്യാൻ തോന്നും. അവൻ കുറേ ഇംപ്രോവൈസേഷൻ നടത്തും. അത് രസമാണ്, എനിക്ക് അങ്ങനെ ചെയ്യാൻ ഇഷ്ടമാണ്. അല്ലെങ്കിൽ പറ്റുന്നത്, ഒരു സീനുണ്ട് ഡയലോഗ് ഉണ്ട്, നമ്മൾ വന്ന് നിൽക്കുന്നു ചെയ്യുന്നു പോകുന്നു എന്ന രീതിയിൽ ആകും. അതിനകത്ത് ഒരു ഫൺ ഇല്ല, വൈബ് കിട്ടില്ല,' നിവിൻ പറഞ്ഞു.

നിവിൻ പോളിയാണ് സിനിമയിലേക്ക് അജു വർഗീസിനെ സജസ്റ്റ് ചെയ്തതെന്നും തന്റെ മനസിൽ മറ്റൊരു നടൻ ആയിരുന്നുവെന്നും അഖിൽ സത്യൻ പറഞ്ഞു. എന്നാൽ അജു ഗംഭീരമായി വേഷം ചെയ്തുവെന്നും അഖിൽ കൂട്ടിച്ചേർത്തു. 'നിവിൻ ആണ് അജുവിനെ സജസ്റ്റ് ചെയ്തത്. ആദ്യം വേറെ ഒരു നടൻ ആയിരുന്നു എന്റെ മനസിൽ. ഞാൻ ഈ ലവ് ആക്ഷൻ ഡ്രാമ തുടങ്ങി സിനിമകളുടെ പാറ്റേൺ ബ്രേക്ക് ചെയ്യാം എന്നോർത്തിരുന്നു. പാച്ചുവിൽ ഫഹദും അൽത്താഫും ആയിട്ട് ഒരു കോംബോ ഉണ്ടായിരുന്നു, അതൊരു പുതിയതായിരുന്നു. അതുപോലെ ഒരു കോംബോ വേണമെന്ന് ആയിരുന്നു. നിവിൻ ആണ് പറഞ്ഞത് അജു ഇത് കലക്കും എന്ന്. അജു ലുക്ക് ടെക്സ്റ്റ് ചെയ്യാൻ വന്നപ്പോൾ തന്നെ എനിക്ക് ആ ഒരു വൈബ് കിട്ടി. ലുക്കിൽ തന്നെ അവരുടെ മുൻ കോമ്പിനേഷൻ ബ്രേക്ക് ചെയ്തിരുന്നു,' അഖിൽ സത്യൻ പറഞ്ഞു.

അതേസമയം, സർവ്വം മായയുടെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്. സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവെക്കുന്നത്. ഒടിടിയിൽ എത്തുന്നതോടെ സിനിമയ്ക്ക് ഇനിയും പ്രശംസകൾ നിറയുമെന്നാണ് കരുതുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ.

ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights: Akhil Sathyan shared a casting detail from Sarvam Maya. He said Aju Varghese was suggested by Nivin Pauly. The collaboration added value to the film’s performances.

To advertise here,contact us