മിഥുൻ മാനുവൽ - ജയസൂര്യ ചിത്രം ആട് 3 ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്; റിലീസ് മാർച്ചിൽ

ആട് 3 ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, റിലീസ് മാർച്ചിൽ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൽ നിന്നുള്ള ക്യാരക്ടർ

പോസ്റ്ററുകൾ പുറത്ത്. "ഭൂതകാലം ഉണരുന്നു", എന്ന കുറിപ്പോടെയാണ് പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുന്നത്. നായകൻ ജയസൂര്യ ഉൾപ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം പോസ്റ്ററുകൾ ഇന്ന് തന്നെ റിലീസ് ചെയ്തിട്ടുണ്ട്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.

ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്.

ഒരു പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ഈ പോസ്റ്ററുകളിൽ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് എന്നത്, ഒരേ സമയം പ്രേക്ഷകർക്ക് ആവേശവും ആകാംഷയും സമ്മാനിക്കുന്നുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ എങ്ങനെ ഇത്തരം ഒരു കാലത്തിൻ്റെ ഭാഗമാകുന്നു എന്നറിയാനുള്ള ആകാംഷ, വലിയ പ്രതീക്ഷ തന്നെയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ, ജയസൂര്യ എന്നിവരെ ഇന്ന് പുറത്ത് വന്ന പോസ്റ്ററുകളിലൂടെ കാണാൻ സാധിക്കും. ഒരു രാജാവിൻ്റെ വേഷത്തിലാണ് ജയസൂര്യയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3. ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

Content Highlights: Official character posters of Aadu 3 are now out. The film is slated for theatrical release in March. The posters feature key characters from the movie.

To advertise here,contact us