അഭിനയിച്ചതിന്റെ പൈസ നൽകാത്തത് ഞാൻ ആണെന്ന് നിഖില പറഞ്ഞിട്ടില്ല; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എൻ എം ബാദുഷ

പണം നൽകിയില്ലെന്ന നിഖില വിമലത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി നിർമാതാവ് ബാദുഷ

തനിക്ക് ഒരു നിര്‍മാതാവ് നാല് സിനിമകളുടെ പ്രതിഫലം ബാക്കി തരാനുണ്ടെന്ന് നിഖില വിമൽ പറഞ്ഞിരുന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാതാവിന്‍റെ പേര് പറയാതെയായിരുന്നു നിഖിലയുടെ പരാമര്‍ശം. ഇതിന് പിന്നാലെ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയെക്കുറിച്ചാണ് നിഖില പറഞ്ഞിരുന്നതെന്നാണ് സാേഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഈ അഭ്യുഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബാദുഷ. ഹരീഷ് കണാരനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണം നല്‍കാനായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ബാദുഷയോട് ഇതേ കുറിച്ച് കൂടി ചോദ്യമുയര്‍ന്നത്‌

'നിഖില എന്റെ പേര് പറഞ്ഞിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട എന്ത് കമന്‍റ് വന്നാലും സോഷ്യല്‍ മീഡിയയില്‍ അതിനടിയില്‍ എന്‍റെ പേര് ഉറപ്പായിട്ടും ഉണ്ടാവും. ഞങ്ങൾ നാല് സിനിമകളിൽ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ആ സിനിമയില്‍ ജോലി ചെയ്ത ആള്‍ക്കാരല്ലേ. അത് ഞാന്‍ പ്രൊഡ്യൂസ് ചെയ്ത സിനിമകളല്ലല്ലോ. പ്രൊഡ്യൂസർ പണം കൊടുക്കാൻ ഉണ്ട് എന്നാണ് പറഞ്ഞേക്കുന്നത്,' ബാദുഷ പറഞ്ഞു.

ഇതിനിടെ നിഖില അന്ന് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. ''ഇവിടെ തന്നെയുള്ളൊരു നിര്‍മാതാവ് എനിക്ക് പണം തരാനുണ്ട്. കണ്‍ട്രോളറായി ജോലി ചെയ്തിരുന്നു. മൂന്ന് നാല് സിനിമകളില്‍ പൈസ ബാക്കി തരാനുണ്ട്. അവസാനം ഞാന്‍ പറഞ്ഞു, നിങ്ങള്‍ പുതിയ വീട് വെക്കുന്നുണ്ടല്ലോ അതിലൊരു മുറി എനിക്ക് തന്നേക്കൂവെന്ന്. ഞാന്‍ വാടക തരേണ്ട കാര്യമില്ലല്ലോ. ഇപ്പോഴും എന്നെ കാണുമ്പോള്‍ അദ്ദേഹം അത് പറയും. ഞാനും അത് തന്നെ പറയും.

എനിക്ക് എസിയൊക്കെയുള്ള മുറി മതി. ഇത്രയും പൈസ നിങ്ങള്‍ എനിക്ക് തരാനുണ്ട്. നിങ്ങളുടെ കയ്യില്‍ പൈസ ഇല്ലാത്തതു കൊണ്ടുമല്ല. ആ പണം കിട്ടിയില്ലെങ്കിലും കാണുമ്പോഴൊക്കെ പറയും, ' എന്നാണ് നിഖില പറഞ്ഞിരുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ വെളിപ്പെടുത്തൽ.

Content Highlights: Nikhila Vimal alleged that she did not receive her payment. Producer Badusha issued a response addressing the claim. He clarified details related to the payment dispute.

To advertise here,contact us