മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടുന്നത്. WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച വാൾട്ടർ എന്ന കാമിയോ റോൾ കയ്യടികൾ നേടുകയാണ്. ഇപ്പോഴിതാ സിനിമയിലെ കാമിയോ റോളിനെക്കുറിച്ചും അഭിനയിച്ചതിന്റെ അനുഭവങ്ങളും തമാശരൂപേണ പങ്കുവെക്കുകയാണ് മമ്മൂട്ടി.
'നമ്മള് വലിയ നടൻ ആണെന്നൊക്കെ പറഞ്ഞിട്ട് ഇവരുടെ മുന്നിൽ പോയി നാണംകെടരുതല്ലോ. ഇവർ പറഞ്ഞത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു കയ്യിൽ നിന്ന് ഒന്നും കൊണ്ടുപോയിട്ടില്ല. അപ്പോൾ ഇവർ പറഞ്ഞത് ഞാൻ ചെയ്തു അത് നല്ലതായാലും ചീത്തയായാലും എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. നമുക്ക് ഇത്രയും പ്രായമായി എന്നത് ശരിയാണ്. പക്ഷേ ഈ പിള്ളേരുമായിട്ടാണല്ലോ നമ്മൾ ഇനി മുട്ടേണ്ടത്, ഇവന്മാർ ഊതിയാൽ നമ്മൾ പറന്നു പോയാൽ പോയില്ലേ. അതുകൊണ്ട് അതിനുള്ള എനർജിയും ആവേശവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കാൻ ഇവർ എന്നെ ഈ സിനിമയിലൂടെ സഹായിച്ചു. ഷൗക്കത് നന്ദി മാത്രമേ പറഞ്ഞുള്ളൂ ക്യാഷ് ഒന്നും തന്നില്ല', മമ്മൂട്ടിയുടെ വാക്കുകൾ. ചത്താ പച്ചയുടെ സക്സസ് മീറ്റിൽ വെച്ചാണ് മമ്മൂട്ടി ചിരിപ്പിച്ച് വേദിയെ കയ്യിലെടുത്ത്.
#Mammookka about his role in #ChathaPacha. #Mammootty pic.twitter.com/k4BX2muyBL
രണ്ടു ദിവസം കൊണ്ട് 14 കോടിയാണ് സിനിമയുടെ നേട്ടം. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.
Content Highlights: Mammootty talks about his cameo role in Chatha Pacha and experience of working with team