

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ആശാൻ. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടൻ ഇന്ദ്രൻസ് ഒരു കോളേജിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഈ ഇവന്റിൽ നിന്നുള്ള ഇന്ദ്രൻസിന്റെ ഡാൻസ് ആണ് വൈറലാകുന്നത്.
സ്റ്റേജിൽ സിനിമയുടെ അണിയറപ്രവർത്തകർക്കും കോളേജ് പിള്ളേർക്കും ഒപ്പം കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി വേദിയെ കയ്യിലെടുത്ത ഇന്ദ്രൻസിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. നിറയെ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. 'പണ്ട് മുക്കാല ഡാൻസ് കളിച്ച ടീമാ', 'ഇന്ദ്രൻസ് ചേട്ടനോട് മുട്ടാനായിട്ടില്ല മക്കളെ നിങ്ങളൊന്നും', 'ചേട്ടൻ എങ്ങനെ കളിച്ചാലും ഞങ്ങൾക്ക് അത് സൂപ്പറാ' എന്നിങ്ങനെയാണ് കമന്റ്. പണ്ട് പാർവതി പരിണയം എന്ന സിനിമയിൽ കള്ളിപ്പെണ്ണേ എന്ന ഗാനത്തിൽ നിന്നുള്ള ഇന്ദ്രൻസിന്റെ ഡാൻസ് ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇന്നത്തെ കോളേജ് ഇവെന്റിലെ ഡാൻസ് ആ ഗാനത്തിനെ ഓർമിപ്പിച്ചു എന്നും നിരവധി പേർ കുറിക്കുന്നുണ്ട്.
അതേസമയം, ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ആശാൻ വൈകാതെ പ്രേക്ഷകര്ക്ക് മുന്നിലെത്തും. ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവയ്ക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന "ആശാൻ" എന്ന ചിത്രത്തിൽ 100ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്ത് വന്നിരുന്നു.
ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള് ജോര്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, പിആർഒ ശബരി.
Content Highlights: Actor Indrans's dance from college event goes viral