താനൊരു വലിയ ക്രിക്കറ്റ് ഭ്രാന്തൻ ആണെന്ന് നടൻ പൃഥ്വിരാജ്. പ്രേമിക്കുന്ന സമയത്ത് ഭാര്യ ആദ്യമായി ഗിഫ്റ്റ് തന്നത് ബാറ്റാണെന്നും അത് ഇപ്പോഴും വീട്ടിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ - ന്യുസിലാന്റ് ട്വന്റി -20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ജനുവരി 31 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.
'കുട്ടിക്കാലം മുതൽ ഞാനൊരു ക്രിക്കറ്റ് ഭ്രാന്തൻ ആണ്. ഒരു ഫുട്ബോൾ ടീമിന്റെ ഉടമസ്ഥൻ ആയിട്ടും കേരള സൂപ്പർലീഗിന്റെ ലോഞ്ചിൽ ക്രിക്കറ്റ് ആണെന്റെ പാഷൻ എന്ന് വേദിയിൽ പറഞ്ഞ ആളാണ് ഞാൻ. ഞാനും എന്റെ ഭാര്യയും പ്രേമിക്കുന്ന സമയത്ത് അവൾ എനിക്ക് ആദ്യമായി വാങ്ങിത്തരുന്ന ഗിഫ്റ്റുകളിൽ ഒന്ന് ഒരു ക്രിക്കറ്റ് ബാറ്റാണ്. അത് ഇപ്പോഴും വീട്ടിൽ ഉണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര മത്സരങ്ങൾക്ക് വലിയ സാധ്യതയുള്ള നഗരമാണ്. മലയാളികളുടെ ക്രിക്കറ്റ് ആവേശം ജനുവരി 31ന് ലോകം അറിയണം', പൃഥ്വിയുടെ വാക്കുകൾ.
വൈശാഖ് ഒരുക്കുന്ന ഖലീഫ ആണ് ഇനി പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചിത്രം. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിലാണ് മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തുക. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ഖലീഫയിൽ അഭിനയിക്കുന്നത്.
'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക.
Content Highlights: I've been a cricket fanatic since childhood, my wife gifted me a bat when we were in love: Prithviraj