അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ 150 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. സിനിമയിലെ നിവിൻ പോളിയുടെയും റിയ ഷിബുവിന്റെയും പ്രകടനത്തിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ താൻ കരയുമായിരുന്നുവെന്ന് പറയുകയാണ് റിയ. ശരിയാകുന്നില്ലേ ? ടീമിന് പണം നഷ്ടമാകുമോ ? എന്നൊക്കെയുള്ള ചിന്തകൾ തന്നെ അലട്ടിയിരുന്നതായും റിയ പറഞ്ഞു. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഷൂട്ടിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ കരയുമായിരുന്നു. ചുറ്റുമുള്ളവരുടെ നിസ്സാരപ്രതികരണങ്ങൾ ഓർത്തു വിഷമിച്ച് പെർഫൊമൻസ് പ്രയാസമാകുകയായിരുന്നു. ഞാൻ ശരിയാകുന്നില്ലേ ? ടീമിന് പണം നഷ്ടമാകുമോ ? എന്നൊക്കെയുള്ള ചിന്തകൾ.'റിയ നീയാണ് എൻ്റെ ഡെലുലു നീ സ്പെഷലാണ്. ഡെലുലുവാണ് സർവ്വം മായ ഹിറ്റാക്കാൻ പോകുന്നത് അഖിൽ ചേട്ടൻ പറഞ്ഞു. നമ്മളെ നമ്മളെക്കാൾ വിശ്വസിക്കുന്നൊരാളുണ്ടാകുന്നത് തരുന്ന ആത്മവിശ്വാസമുണ്ട്ല്ലോ.
അതാണ് നിങ്ങൾ സ്ക്രീനിൽ കണ്ടത്. കുട്ടിക്കാലം മുതൽ എൻ്റെ മനസ്സിലുള്ള 'ഇൻസെക്യൂരിറ്റീസ്'. ഞാനത്ര പോരാ എന്ന വിഷമം, അതൊക്കെ സുഖപ്പെട്ടത് ഡെലുലുവിനെ പ്രേക്ഷകർ ഇത്രയധികം സ്നേഹിച്ചപ്പോഴാണ്. ഡെലുലുവിന് കിട്ടുന്ന അഭിനന്ദനങ്ങളെല്ലാം എന്റെ ഉള്ളിലെ കുട്ടിയെ ഒരുപാട് സന്തോഷിപ്പിക്കുന്നു. കാരണം ഡെലുലു ഞാൻ തന്നെയാണ്,' റിയ ഷിബു പറഞ്ഞു.
സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ.
ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
Content Highlights: Riya Shibu has shared that the early days of the film Sarvam Maya were emotionally challenging for her. She revealed that she often cried during the initial phase of the project due to pressure and emotional involvement. Her remarks offer insight into the struggles faced behind the scenes during the making of the film.