മോഹൻലാലിന്റെ സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ സിനിമകൾ എല്ലാം റീ റിലീസിൽ വലിയ നേട്ടങ്ങൾ ആണ് കൊയ്തത്. തിയേറ്ററിൽ ആരവമുണ്ടാക്കിയും കളക്ഷനിൽ മുന്നേറ്റമുണ്ടാക്കിയും ഈ സിനിമകൾ എല്ലാം കടന്നുപോയി. അടുത്തിടെ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസ് ചെയ്തിരുന്നു. ജോഷി ഒരുക്കിയ റൺ ബേബി റൺ. വമ്പൻ നിരാശയാണ് സിനിമ സമ്മാനിക്കുന്നത്.
മോഹൻലാൽ റീ റിലീസുകളിൽ നിന്ന് വിപരീതമായി മോശം വരവേൽപ്പാണ് റൺ ബേബി റണ്ണിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. വെറും 3.06 ലക്ഷം മാത്രമാണ് സിനിമയ്ക്ക് പ്രീ സെയിലിൽ നേടാനായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ ആദ്യ ദിവസം ചിത്രത്തിന് കിട്ടിയ കളക്ഷനും ഇപ്പോള് പുറത്തു വന്നിട്ടുണ്ട്. റീലീസ് ചെയ്ത് ആദ്യദിനം മൂന്നുലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയാണ് ചിത്രം തിയേറ്ററുകളില് നിന്നും നേടിയിട്ടുള്ളത്.
റീ റിലീസില് മോഹന്ലാല് ചിത്രത്തിന് കിട്ടുന്ന ഏറ്റവും മോശം കളക്ഷന് മാത്രമല്ല മലയാളത്തില് ഇതുവരെയിറങ്ങിയ ചിത്രങ്ങളില് ആദ്യദിനം രണ്ടാമത്തെ ഏറ്റവും മോശം കളക്ഷന് കൂടിയാണ് ചിത്രത്തിന് ലഭിച്ചത്. ലിസ്റ്റില് ആദ്യ സ്ഥാനത്ത് നില്ക്കുന്നത് ദുല്ഖര് സല്മാന് നായകനായ ഉസ്താദ് ഹോട്ടലാണ്. ദുൽഖറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ചിത്രം റീ റിലീസില് 67150 രൂപ നേടിയതായാണ് റിപ്പോര്ട്ടുകള്. റൺ ബേബി റൂമിന്റെ വരവോടെ ആശ്വാസം ലഭിച്ചിരിക്കുന്നത് മമ്മൂട്ടിയ്ക്ക് ആണ്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയായിരുന്നു കളക്ഷനില് പിന്നിൽ നിൽക്കുന്ന മമ്മൂട്ടി ചിത്രം. ഒരു ലക്ഷത്തിലും കുറവായിരുന്നു സിനിമയുടെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാൽ ആരാധകർ നിരാശയിലാണ്. എന്തിനാണ് ഇങ്ങനെ ഒരു റീ റിലീസ് എന്നാണ് ആരാധകർ ഉൾപ്പെടെ ചോദിക്കുന്നത്. റീ റിലീസ് ചെയ്യാൻ പാകത്തിൽ നിറയെ മോഹൻലാൽ സിനിമകൾ ഉണ്ടെന്നും റൺ ബേബി റൺ വേണ്ടിയിരുന്നില്ല എന്നാണ് മറ്റു കമന്റുകൾ. ജോഷി സംവിധാനം ചെയ്ത് ഗാലക്സി ഫിലിംസിലൂടെ മിലൻ ജലീൽ നിർമിച്ച ചിത്രമാണ് റൺ ബേബി റൺ. 2012ൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്.
മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ച മികച്ച സ്വീകാര്യതയാണ് താരത്തിന്റെ പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച പോലെ ഗുരു, ഉദയനാണ് താരം, നരൻ, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ റീ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം രാവണപ്രഭുവാണ്. സിനിമ റീ റിലീസിന് എത്തിയപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും നാല് കോടിയിൽ കൂടുതൽ കളക്ഷൻ രാവണപ്രഭു നേടിയിട്ടുണ്ട്. റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷനാണിത്.
Content Highlights: A re-released Mohanlal film has registered the lowest box office collection, according to reports. The poor performance has eased concerns among Mammootty fans amid ongoing comparisons between star re-releases. The development has sparked discussion within Malayalam cinema circles about audience response to re-released films.