

WWE റെസ്ലിങ് പശ്ചാത്തലത്തിലെത്തുന്ന ചത്താ പച്ച സിനിമയുടെ ട്രെയിലര് പ്രേക്ഷകരെ മുഴുവന് ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചിത്രത്തില് മമ്മൂട്ടിയ അതിഥി വേഷമുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ലൊക്കേഷനില് നിന്നുള്ള നടന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നിരുന്നാലും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള യാതൊരു സൂചനകളും ഇതുവരെ പുറത്തുവന്നിരുന്നില്ല. കഴിഞ്ഞ ദിവസം ഇറക്കിയ സിനിമയുടെ ട്രെയിലറിൽ വാൾട്ടർ എന്ന കഥാപാത്രമായി എത്തിയത് മമ്മൂട്ടി ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.
ഇതിന് പിന്നാലെ ദുബായിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ചത്താ പച്ച സിനിമയെക്കുറിച്ച് പറഞ്ഞതും ശ്രദ്ധ നേടുകയാണ്. വാൾട്ടറിന്റെ കുറച്ച് പിള്ളേർ കൊച്ചിയിൽ ഇറങ്ങുന്നുണ്ടെന്ന് കേട്ട് എന്ന് രഞ്ജിനി ഹരിദാസ് പറയുമ്പോൾ വാൾട്ടറിന്റെ അല്ല മട്ടാഞ്ചേരിയിലെ പിള്ളേരാണ് എന്നാണ് മമ്മൂട്ടി മറുപടി നൽകുന്നത്. 22 -ാം തിയതിയാണ് ചത്താ പച്ച എന്നും മമ്മൂട്ടി പറഞ്ഞു.

ഇതോടെ സിനിമയിൽ മമ്മൂട്ടി ഉണ്ടെന്ന കാര്യത്തിൽ തീരുമാനം ആയിരിക്കുകയാണ്. സിനിമയുടെ ട്രെയിലറിന്റെ അവസാനം ഒരാള് പിന്തിരിഞ്ഞുനിന്ന് തലയില് ഒരു കെട്ട് കെട്ടുന്ന രംഗമുണ്ട്. ആ തിരിഞ്ഞുനില്ക്കുന്നത് മമ്മൂട്ടി ആണെന്നാണ് നിരവധി പേര് പറയുന്നത്. 'വാള്ട്ടറിന്റെ പിള്ളേരെ തൊടാന് ഒരുത്തനും വളര്ന്നിട്ടില്ലടാ' എന്ന് ഒരു കുട്ടി പറയുന്ന വോയ്സ് ഓവറുണ്ട്. അങ്ങനെയൊരു മാസ് പരിവേഷം നല്കണമെങ്കില് അത് മമ്മൂട്ടി തന്നെയാകുമെന്നാണ് പലരും കമന്റുകളില് പറയുന്നത്. ട്രെയിലറില് അവസാനിക്കുന്നതിന് തൊട്ടുമുന്പ് 'ചത്താ പച്ച' എന്ന് പറയുന്ന ശബ്ദം മമ്മൂട്ടിയുടേത് ആണെന്നും അല്ലെന്നും കമന്റില് തര്ക്കം നടക്കുന്നുണ്ട്.
അതേസമയം, ചത്താ പച്ച ട്രെയിലര് മികച്ച പ്രതികരണമാണ് നേടുന്നത്. ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അര്ജുന് അശോകന്, റോഷന് മാത്യു, വിശാഖ് നായര്, ഇഷാന് ഷൗക്കത്ത് (മാര്ക്കോ ഫെയിം), പൂജ മോഹന്ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഗംഭീര ആക്ഷനും ഒപ്പം കോമഡിയും ഇമോഷനും കൃത്യമായ അളവില് കോര്ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും, ചിത്രത്തില് പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെന്സുകള് ഒളിച്ചിരുപ്പുണ്ടെന്നും ട്രെയിലര് സൂചിപ്പിക്കുന്നു.
നവാഗതനായ അദ്വൈത് നായര് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീല് വേള്ഡ് എന്റര്ടൈന്മെന്റ് ആണ് ചിത്രം നിര്മ്മിക്കുന്നത്. ട്രാന്സ് വേള്ഡ് ഗ്രൂപ്പും ലെന്സ്മാന് ഗ്രൂപ്പും ചേര്ന്നാണ് റീല് വേള്ഡ് എന്റര്ടൈന്മെന്റ് എന്ന നിര്മ്മാണ കമ്പനിക്ക് രൂപം നല്കിയത്. റിതേഷ് എസ് രാമകൃഷ്ണന്, ഷിഹാന് ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്മ്മാതാക്കള്. ചിത്രം കേരളത്തിലെ തീയേറ്ററുകളില് വിതരണം ചെയ്യുന്നത് ദുല്ഖര് സല്മാന് നേതൃത്വം നല്കുന്ന വേഫെറര് ഫിലിംസ്.
ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്-ഇഹ്സാന്-ലോയ് ടീം ആദ്യമായി മലയാളത്തില് സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര് ഈണം പകര്ന്ന ചിത്രത്തിന്റെ ടൈറ്റില് ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില് സൂപ്പര് ഹിറ്റായിട്ടുണ്ട്. ഫോര്ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര് ഗ്രൗണ്ട് WWE സ്റ്റൈല് റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന് കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗില് നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളില് നിന്നും പ്രചോദനം ഉള്ക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര് കാത്തിരിക്കുന്നത്. അവരുടെ പ്രതീക്ഷകളെ പൂര്ണ്ണമായും സാധൂകരിക്കുന്ന ഒന്നാവും ചിത്രമെന്ന ഉറപ്പും ഈ ട്രെയ്ലര് നല്ക്കുന്നുണ്ട്.
Content Highlights: Mammootty has shared his thoughts on the film Chatha Pacha, offering insights into the movie and its significance. His comments have drawn attention from Malayalam cinema audiences.