നിവിന് പോളി നായകനായ ബേബി ഗേള് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര് ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. നാല് ദിവസം മാത്രമുള്ള ഒരു കുഞ്ഞും ചിത്രത്തില് അഭിനയിച്ചിട്ടുണ്ട്. ഈ കുട്ടിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ചെറിയ കുഞ്ഞിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള് ട്രെയിലര് ലോഞ്ചില് വെച്ച് നിവിന് പോളി പങ്കുവെച്ചിരുന്നു.
നവജാത ശിശുക്കളെ എടുക്കാന് തനിക്ക് വലിയ പേടിയാണെന്നും ഷൂട്ടിംഗ് സമയത്തും അങ്ങനെയായിരുന്നു എന്നും നിവിന് പോളി പറഞ്ഞു. കുഞ്ഞും അമ്മയും ഷൂട്ടിങ്ങിനായി ഏറെ ബുദ്ധിമുട്ടിയുണ്ടെന്നും അത് ഈ സിനിമയോടും അതിന്റെ പ്രമേയത്തോടുമുള്ള അവരുടെ കമ്മിറ്റ്മെന്റാണ് കാണിക്കുന്നതെന്നും നിവിന് കൂട്ടിച്ചേര്ത്തു.
'നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ എടുക്കാന് ആദ്യം ഏറെ നെര്വസ് ആയിരുന്നു. ഇപ്പോ ജനിച്ച കുഞ്ഞാണ്, ശരീരത്തിലെ ഇമ്യൂണിറ്റിയൊക്കെ ശരിയായി വരുന്നേ ഉള്ളു. ജനിച്ച കുട്ടികളെ എടുക്കാന് എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്. കാരണം അവരുടെ കഴുത്തൊന്നും ഉറച്ചുകാണില്ല. ഷൂട്ടിംഗ് സമയത്തും അതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയിരുന്നു. കഥയുടെ പ്രാധാന്യം മനസിലാക്കി കുഞ്ഞിന്റെ മാതാപിതാക്കള് സിനിമയ്ക്കായി സമ്മതിക്കുകയായിരുന്നു. അതുകൊണ്ട് ഈ സിനിമ നടന്നു.
കുട്ടിയുടെ അമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അത് നമ്മള് കണ്ടതാണ്. നല്ല ചൂടുള്ള സമയമായിരുന്നു. ഇടക്കിടെ എ സി റൂമിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി, കൊണ്ടുവരും. കുറച്ച് മാസങ്ങളെങ്കിലും പ്രായമായിരുന്നെങ്കില് ഇതൊക്കെ കുഞ്ഞിന് ഓകെ ആയിരുന്നേനെ. പക്ഷെ മാതാപിതാക്കള് ആ ബുദ്ധിമുട്ടെല്ലാം സഹിക്കാന് തയ്യാറായി. ഈ സിനിമയോടും അതിന്റെ കഥയോടുമുള്ള ഇവരുടെ കമ്മിറ്റ്മെന്റാണ് കാണിക്കുന്നത്. അഖിലിനും ജിഫിനും ഒരുപാട് നന്ദി,' നിവിന് പോളി പറഞ്ഞു.
അതേസമയം, ഇന്വെസ്റ്റിഗേഷന് ത്രില്ലറിനൊപ്പം തീവ്രമായ അഭിനയ മുഹൂര്ത്തങ്ങളും ബേബി ഗേളിലുണ്ടെന്ന സൂചനയാണ് ട്രെയിലര് നല്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില് നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് കരുതപ്പെടുന്നത്. റിയല് ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രമെന്ന് അണിയറ പ്രവര്ത്തകര് നേരത്തെ തന്നെ അറിയിച്ചിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില് ലിസ്റ്റിന് സ്റ്റീഫന് നിര്മ്മിക്കുന്ന ബേബി ഗേള് മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പര് ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകന് അരുണ് വര്മ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകര്ക്ക് സൂപ്പര്ഹിറ്റുകള് മാത്രം സമ്മാനിച്ച ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
Content Highlights: Actor Nivin Pauly has spoken about his experience of acting alongside a four-day-old baby in the movie Baby Girl. He admitted that handling very small children during shoots makes him extremely nervous.