റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ സിനിമയാണ് ഹലോ. ഒരു കോമഡി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിനിടയിൽ വെച്ച് നടന്ന രസകരമായ ഒരു സംഭവം വിവരിക്കുകയാണ് നടൻ മധു വാര്യർ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'ആദ്യം ഗണേഷ് കുമാർ ചെയ്ത അനിയൻ വേഷമായിരുന്നു എനിക്ക് തന്നത്. പിന്നീട് മറ്റൊരു സിനിമയുമായി ഡേറ്റ് ക്ലാഷ് വന്നപ്പോഴാണ് വില്ലൻ റോളിലേക്ക് എത്തിയത്. സൗബിൻ ഹലോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. സിനിമയിൽ എല്ലാവരും വെള്ളയും വെള്ളയും ഇട്ടു ഭജന ഇരിക്കുന്ന സീനുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ സൗബിൻ പെട്ടെന്ന് വന്നു എന്നെ കൊണ്ടുപോയി. എന്നിട്ട് എന്നോട് ഡ്രസ്സ് ഊരിക്കോ കഴിഞ്ഞ സീനിൽ ചേട്ടൻ മരിച്ചു എന്ന് പറഞ്ഞു. മരിച്ചുകഴിഞ്ഞിട്ടുള്ള സീനിൽ ആയിരുന്നു ഞാൻ ചെന്ന് ഭജൻ ഇരുന്നത്', മധു വാര്യരുടെ വാക്കുകൾ.
പാർവതി മേൽട്ടൻ, ജഗതി ശ്രീകുമാർ, സിദ്ധിഖ്, ജഗദീഷ്, സലിം കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെ സിനിമയിൽ ഉണ്ട്. സിനിമയിലെ കോമഡി സീനുകൾക്കും മോഹൻലാലിന്റെ കഥാപാത്രത്തിനും ഇന്നും ആരാധകർ ഏറെയാണ്. സിനിമയ്ക്കായി സംഗീതം ഒരുക്കിയത് അലക്സ് പോൾ ആണ്. അഖിൽ സത്യൻ ഒരുക്കി നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ ആണ് ഒടുവിലായി തിയേറ്ററിൽ എത്തിയ മധു വാര്യർ ചിത്രം. സിനിമയിൽ നടൻ അവതരിപ്പിച്ച ദീപാങ്കുരൻ എന്ന കഥാപാത്രം ഏറെ കയ്യടി നേടുന്നുണ്ട്. നിവിന് പോളിയും റിയ ഷിബുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ സര്വ്വം മായ തിയേറ്ററുകളില് വിജയകരമായി പ്രദര്ശനം തുടരുകയാണ്. ഡിസംബര് 25ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 10 ദിവസംകൊണ്ട് 100 കോടി ക്ലബില് കയറിയിരുന്നു.
ഇപ്പോഴും മികച്ച കപ്പാസിറ്റിയിലാണ് ചിത്രം പ്രദര്ശനം തുടരുന്നത്. അതുകൊണ്ട് 150 കോടി ദൂരയല്ലെന്നാണ് ട്രാക്കേഴ്സ് പറയുന്നത്. കോടികള് കൊയ്ത് മുന്നേറുന്നതിനൊപ്പം മലയാള സിനിമയില് ബോക്സ് ഓഫീസ് പട്ടികയിലും ചിത്രം സ്ഥാനം മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ടോപ് 10ലേക്ക് ഇടം നേടിയ ചിത്രം ഇപ്പോള് ഒമ്പതാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്. 132 കോടിയാണ് സിനിമയുടെ നിലവിലെ കളക്ഷന്.
Content Highlights: Madhu Warrier shares an hilarious experience happend on the set of Mohanlal film Hello