ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം ആണ് മിറാഷ്. മോശം പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിലും വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ട്വിസ്റ്റുകൾ ഓവറായി പോയി എന്നായിരുന്നു സിനിമയ്ക്ക് ലഭിച്ച പ്രധാന വിമർശനം. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ പ്രതികരിക്കുകയാണ് ജീത്തു ജോസഫ്. സിനിമയിലെ ട്വിസ്റ്റുകൾ എല്ലാം മിറാഷ് എഫക്ട് ആയിട്ടാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും എന്നാൽ അത് പ്രേക്ഷകർക്ക് കണക്ട് ആകാതെ പോയി എന്നും ജീത്തു ജോസഫ് പറഞ്ഞു. പ്രേക്ഷകർക്ക് ട്വിസ്റ്റുകൾ അധികമായി തോന്നിയത് തന്റെ പരാജയമായിരിക്കാം എന്നും ജീത്തു കൂട്ടിച്ചേർത്തു. റെഡ്ഡിറ്റിലൂടെയാണ് ജീത്തുവിന്റെ പ്രതികരണം.
'പ്രേക്ഷകർക്ക് ട്വിസ്റ്റുകൾ അധികമായി തോന്നിയത് എന്റെ പരാജയമായിരിക്കാം. ശരിക്കും ഞങ്ങൾ അതിനെ ട്വിസ്റ്റ് അല്ല മിറാഷ് എഫക്ട് ആയിട്ടാണ് ഉദ്ദേശിച്ചത്. അതിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം മിറാഷ് എഫക്ട് കൊടുക്കുകയാണ് ഞങ്ങൾ ചെയ്തത്. ട്വിസ്റ്റ് ഉണ്ടാക്കാൻ വേണ്ടി ചെയ്തതല്ല. അത് ചിലപ്പോൾ ഞങ്ങൾ ഉദ്ദേശിച്ച തരത്തിൽ പ്രേക്ഷകരിലേക്ക് എത്തിപ്പെടാത്തതാകാം. ചില സിനിമകളിൽ അങ്ങനെ സംഭവിക്കാം. ശരിക്കും ആ സിനിമയിൽ ആസിഫിന്റെ കഥാപാത്രത്തിന്റെ ട്രാൻസ്ഫോർമേഷൻ മാത്രമാണ് ട്വിസ്റ്റ് ആയി ഞങ്ങൾ ഉദ്ദേശിച്ചത് ബാക്കിയെല്ലാം മിറാഷ് എഫക്ട് ആയിരുന്നു. അതുകൊണ്ടാണ് സിനിമയ്ക്ക് മിറാഷ് എന്ന് പേരിട്ടത്. കുറച്ച് പ്രേക്ഷകർക്ക് അത് മനസിലായി ഭൂരിഭാഗം പേർക്കും അത് മനസിലായില്ല. ഒരു ഫിലിംമേക്കർ എന്ന നിലയിൽ അത് എന്റെ കുഴപ്പമാകാം', ജീത്തു ജോസഫിന്റെ വാക്കുകൾ.
സിനിമയുടെ മേക്കിങ്ങിനും വിമർശനങ്ങൾ ലഭിച്ചിരുന്നു. ജീത്തു ജോസഫിന്റെ ഏറ്റവും മോശം മേക്കിങ് ആണ് മിറാഷിന്റേതെന്നും ചിത്രത്തിന്റെ വിഷ്വലുകളും എഡിറ്റിംഗുമെല്ലാം പ്രതീക്ഷിച്ച നിലവാരത്തിൽ ഉയർന്നില്ലെന്നും എക്സിൽ പലരും കുറിക്കുന്നുണ്ട്. സോണി ലൈവിലൂടെ ആണ് സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു. ഹക്കിം ഷാജഹാന്, ദീപക് പറമ്പോല്, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങള്. ഇ ഫോര് എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില് സെവന് വണ് സെവന് പ്രൊഡക്ഷന്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര് മെഹ്ത, ജതിന് എം സേഥി, സി.വി സാരഥി എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.
Content Highlights: Jeethu Joseph talks about the failure of asif ali film mirage