'വിജയ് ചിത്രം റീ മേക്ക് അല്ല; ഇന്റർവെൽ ബ്ലോക്ക്, സെക്കന്റ് ഹാഫിലെ ചില രം​ഗങ്ങൾ ആദ്യ 20 മിനിറ്റ് എടുത്തു'

സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളും നെ​ഗറ്റീവ് കമന്റുകളുമൊക്കെ കാരണം അവർ അത് പരസ്യമായി പറഞ്ഞില്ല എന്നതാണ്. അത് മറച്ചു വച്ചു മുന്നോട്ടു പോവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

വിജയ്‌യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന സിനിമയാണ് ജനനായകൻ. ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് സിനിമയെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. സിനിമയുടെ ട്രെയ്‌ലർ റിലീസിന് പിന്നാലെ പ്രേക്ഷകർ ജനനായകൻ റീമേക്ക് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഭഗവന്ത് കേസരിയുടെ സംവിധായകൻ അനിൽ രവിപുടി.

'വിജയ് ചിത്രം റീമേക്ക് ചെയ്യുന്നതിനായി ഭഗവന്ത് കേസരിയിൽ നിന്ന് ഒരംശം മാത്രമേ അവർ എടുത്തിട്ടുള്ളൂ. ആദ്യത്തെ 20 മിനിറ്റ്, ഇന്റർവെൽ ബ്ലോക്ക്, സെക്കന്റ് ഹാഫിലെ ചില രം​ഗങ്ങൾ ഇതൊക്കെയാണ് ജന നായകനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെ വില്ലന്റെ ഭാ​ഗങ്ങൾ പൂർണമായും അവർ മാറ്റിയിട്ടുണ്ട്. റോബോർട്ട് പോലെയുള്ള സയൻസ്-ഫിക്ഷൻ എലമെന്റ്സ് കൊണ്ടുവരാനും എച്ച് വിനോദ് ശ്രമിച്ചിട്ടുണ്ട്,' അനിൽ രവിപുഡി പറയുന്നു.

ഇപ്പോൾ റീമേക്കിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഏറ്റവും മികച്ച സിനിമകളായിരിക്കും അതിനായി ആളുകൾ തിരഞ്ഞെടുക്കുന്നത്. ഇത്രയും വർഷങ്ങളായി ആളുകൾ ചെയ്തു വരുന്നതും അതാണ്. മറ്റൊരു ഭാഷയിൽ ഒരു സിനിമ എടുക്കുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഇവിടെയിപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളും നെ​ഗറ്റീവ് കമന്റുകളുമൊക്കെ കാരണം അവർ അത് പരസ്യമായി പറഞ്ഞില്ല എന്നതാണ്. അത് മറച്ചു വച്ചു മുന്നോട്ടു പോവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം തമിഴ് പ്രേക്ഷകർക്ക് ഇതൊരു പുതിയ വിഷയമാണ്. ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭഗവന്ത് കേസരി കാണണമെന്നില്ല,' അനിൽ രവിപുഡി കൂട്ടിച്ചേർത്തു.

അതേസമയം സിനിമയ്ക്ക് നിലവിൽ സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. നിലവില്‍ സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് നീക്കങ്ങളില്‍ അട്ടിമറി നടന്നെന്നാണ് നിര്‍മ്മാതാവ് വെങ്കട്ട് കെ നാരായണ ആരോപിക്കുന്നത്. നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Content Highlights: The director of Bhagwant Kesari has stated that Vijay’s film is not a remake, responding to ongoing speculation. He clarified that the storyline and treatment are original and not adapted from Bhagwant Kesari.

To advertise here,contact us