ശ്രീനിവാസിന്റെ വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി സംവിധായകനും ഭാര്യാസഹോദരനുമായ മോഹനൻ. ശ്രീനിവാസന്റെയും ഭാര്യ വിമലയുടേയും ചിത്രവും മോഹനൻ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശുകൊണ്ട് ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം എന്നാണ് മോഹനൻ കുറിച്ചിരിക്കുന്നത്.
'ഇന്നാണ് ആ ദിവസം, ജനുവരി-13. മമ്മൂക്കയും ഇന്നസൻ്റേട്ടനും കൊടുത്ത കാശുകൊണ്ട്, ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഇല്ലാതെ നിലവിളക്കിന്റെ വെളിച്ചമോ, ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ ഇവർ, ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം. എല്ലാ യാത്രകളും ഇങ്ങനെയാണ്, എവിടെവച്ചെങ്കിലും ഏതെങ്കിലും ഒരാൾ പെട്ടെന്നങ്ങ് പോകും.', എം മോഹനന്റെ വാക്കുകൾ. വിവാഹത്തിന് താലിക്കുള്ള പണം മമ്മൂട്ടിയുടെ കയ്യില് നിന്ന് വാങ്ങിയ വിവരം ഒരിക്കല് സ്വകാര്യ ചാനലിലൂടെ ശ്രീനിവാസന് പങ്കുവെച്ചിട്ടുണ്ട്.
ശ്രീനിവാസന് താലി വാങ്ങിക്കൊണ്ടുവന്നപ്പോള് പണമെവിടെ നിന്നാണെന്ന് വിമല ചോദിച്ചപ്പോള് മമ്മൂട്ടിയുടെ കയ്യില് നിന്ന് ലഭിച്ചതെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. 'മമ്മൂക്കയുടെ പടം അന്ന് കണ്ണൂരില് വെച്ച് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അപ്പോള് മമ്മൂട്ടി തന്നതാണെന്നാണ് എന്നോട് പറഞ്ഞത്', എന്നാണ് വിമല പറയുന്നത്. തുടര്ന്ന് ആ കഥ വിവരിക്കുകയായിരുന്നു ശ്രീനിവാസന്. എന്നാല് മമ്മൂട്ടിയോട് വിവാഹത്തിന് വരണ്ട എന്ന് ശ്രീനിവാസന് പറഞ്ഞതും അദ്ദേഹം തന്നെ രസകരമായി പങ്കുവെക്കുന്നുണ്ട്. 'അവിടെ ആളുകള് കൂടിയാല് ഒരുപാട് പേര് എന്നെ കാണും. കല്യാണം കലങ്ങും (മുടങ്ങും). മമ്മൂട്ടിയെ ആളുകള്ക്ക് അറിയാം. എന്നെ അന്ന് ആളുകള്ക്ക് അറിയില്ല. ഞാന് വേണ്ടേയെന്ന് മമ്മൂട്ടി ചോദിച്ചു. ദയവു ചെയ്ത് വരരുത് എന്ന് പറഞ്ഞു', ശ്രീനിവാസന് പറഞ്ഞു.
ഡിസംബർ 20 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.
Content Highlights: M Mohanan's emotional post on sreenivasan about how mammootty and innocent helped him during his wedding