'മമ്മൂക്ക എന്ന മഹാനടന്റെ അത്ഭുതകരമായ പ്രകടനം കൊണ്ടാണ് ആ സിനിമ ആ ലെവലിൽ എത്തിയത്', ടി ഡി രാമകൃഷ്ണൻ

'കോര പാപ്പന്റെ കഥ പോലെ കൊടുമൺ പോറ്റിയായി അദ്ദേഹം വരുമ്പോൾ ആണ് സിനിമയാകെ മാറുന്നത്. എഴുതിയ കൊച്ചു ഡയലോഗുകൾ പോലും അദ്ദേഹം പറയുമ്പോഴാണ് ലിഫ്റ്റ് ചെയ്യപ്പെടുന്നത്'

മമ്മൂട്ടിയുടെ സിനിമാ കരിയറില്‍ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് കൂടി അര്‍ഹമായ 'കൊടുമണ്‍ പോറ്റി'. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം മലയാളികളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ് കവര്‍ന്നിരുന്നു. മമ്മൂട്ടിയല്ലാതെ മറ്റാരെയും കൊടുമണ്‍ പോറ്റിയായി കാണാനാകില്ലെന്ന് കാണികള്‍ ഒന്നടങ്കം പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂക്ക എന്ന മഹാനടന്റെ അത്ഭുതകരമായ പ്രകടനം കൊണ്ട് മാത്രമാണ് ഭ്രമയുഗം അത്രയും അംഗീകാരം നേടിയതെന്ന് പറയുകയാണ് ടി ഡി രാമകൃഷ്ണൻ. ഭ്രമയുഗത്തിന് വേണ്ടി സംഭാഷണം എഴുതിയത് ടി.ഡി രാമകൃഷ്ണൻ ആയിരുന്നു.

'2025 ൽ ഹൊറർ സിനിമകളിലേക്ക് വലിയൊരു ഷിഫ്റ്റ് ഉണ്ടായിട്ടുണ്ട്. അതിൽ വലിയൊരു സന്തോഷം ഓസ്കർ അക്കാദമിയിൽ ഭ്രമയുഗം സ്ക്രീൻ ചെയ്യാൻ പോകുകയാണ്. ആ സിനിമയുടെ ഭാഗമായി എന്നത് എനിക്ക് വളരെ സന്തോഷം ഉള്ള കാര്യമാണ്. ഹൊറർ സിനിമകളെ അപേക്ഷിച്ച് ഭ്രമയുഗത്തിന് കുറച്ചുകൂടെ വ്യത്യാസമുണ്ട്. മൾട്ടി ലയേർഡ് നരേഷൻ ആണ്. ഹൊറർ മാത്രമല്ല അതെന്ന് കണ്ട് ഇറങ്ങുന്നവർക്ക് കൃത്യമായി മനസിലാകും. മറ്റ് ഹൊറർ സിനിമകളെ അപേക്ഷിച്ച് ഭ്രമയുഗം വളരെ റിസ്ക്ക് ഉള്ള സിനിമയാണ്.

സംവിധായകൻ വളരെ മിടുക്കനാണ്. ലണ്ടൻ ഫിലിം അക്കാദമിയുടെ പ്രോഡക്റ്റ് ആണ് അദ്ദേഹം. വേൾഡ് ക്ലാസ് ചിത്രങ്ങൾ എങ്ങനെ വരുന്നു എന്ന മനസിലാക്കി അതിൽ നിന്ന് എങ്ങനെ ഒരു പാടി മുന്നോട്ട് പോകാം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സിനിമ എടുക്കുന്നു അതിൽ അഞ്ചു കഥാപാത്രങ്ങളും. അതിൽ രണ്ട് പേർക്ക് കാര്യമായി റോൾ ഇല്ല. ഒരൊറ്റ ലൊക്കേഷനിൽ ആണ് സിനിമ മൊത്തം നടക്കുന്നത്. അങ്ങനെ ഉള്ള സിനിമ എടുത്ത് വിജയിപ്പിക്കുന്നതിൽ റിസ്ക്ക് ഉണ്ട്.

മമ്മൂക്ക എന്ന മഹാനായ നടന്റെ അത്ഭുതകരമായ പ്രകടനം കൊണ്ടാണ് ആ സിനിമ ആ ഒരു ലെവലിൽ എത്തിയത്. അല്ലാതെ രാഹുൽ സദാശിവനും ടി ഡി രാമകൃഷ്ണനായും പരിശ്രമിച്ചാൽ ആ സിനിമ അത്രയും എത്തില്ല. കോര പാപ്പന്റെ കഥ പോലെ കൊടുമൺ പോറ്റിയായി അദ്ദേഹം വരുമ്പോൾ ആണ് സിനിമയാകെ മാറുന്നത്. എഴുതിയ കൊച്ചു ഡയലോഗുകൾ പോലും അദ്ദേഹം പറയുമ്പോഴാണ് ലിഫ്റ്റ് ചെയ്യപ്പെടുന്നത്,' ടി ഡി രാമകൃഷ്ണൻ പറഞ്ഞു. കേരള ലെജിസ്ലേറ്റർ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വേദിയിലാണ് പ്രതികരണം.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിന് ശേഷം ഇന്റർനാഷണൽ പരിപാടിയിലേക്ക് പോകാൻ ഒരുങ്ങി 'ഭ്രമയുഗം' ടീം. ലോസ് അഞ്ചൽസിലെ ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ചിത്രം. "Where the Forest Meets the Sea" എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.

Content Highlights: T D Ramakrishnan, the dialogue writer for the Malayalam film Bramayugam, highlighted Mammootty’s performance in the acclaimed black-and-white horror thriller directed by Rahul Sadasivan, which garnered positive reviews and box office success.

To advertise here,contact us