വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നേരത്തെ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാറ്റിവെക്കുകയായിരുന്നു. എന്നാൽ വിജയ് ആരാധകർക്ക് പൊങ്കൽ ആഘോഷമാക്കാൻ വിജയ്യുടെ സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും റീ റിലീസ് ചെയുന്നുണ്ട്. തെരി ആണ് വീണ്ടും റീ റീലിസിന് എത്തുന്നത്.
വിജയ് നായകനായ 'തെരി' പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 15-ന് വീണ്ടും തിയേറ്ററിലെത്തുമെന്ന് നിർമാതാവ് കലൈപ്പുലി എസ്. താനുഅറിയിച്ചു. ആഗോളതലത്തിൽ ചിത്രം റീ- റിലീസ് ചെയ്യും. അറ്റ്ലീ സംവിധാനം ചെയ്ത ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ് എത്തിയത്. സാമന്ത റുത്ത് പ്രഭു, എമി ജാക്സൺ എന്നിവരായിരുന്നു നായികമാർ.
സിംഹളയിലും അസമീസിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ 'ബേബി ജോൺ' എന്ന പേരിലിറങ്ങിയ ചിത്രത്തിൽ കീർത്തി സുരേഷ് ആയിരുന്നു വരുൺ ധവാന്റെ നായിക. തെലുങ്കിൽ 'ഉസ്താദ് ഭഗത് സിങ്' എന്ന പേരിലും റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്. റീ റിലീസ് ചെയ്ത വിജയ് ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ നിന്ന് മികച്ച കളക്ഷൻ നേടിയാണ് ഇറങ്ങിയിട്ടുള്ളത്. തെരിയും വിജയ് ആരാധകർ ആഘോഷിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ ദിവസം പ്രദര്ശനാനുമതി നല്കികൊണ്ട് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സെന്സര് ബോര്ഡ് ആദ്യം നിര്ദേശിച്ച മാറ്റങ്ങള് വരുത്തിയ ശേഷവും സര്ട്ടിഫിക്കറ്റ് നല്കാതെ മനപ്പൂര്വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്മാതാക്കള് കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള് ബെഞ്ച് സെന്സര് ബോര്ഡ് നടപടികളെ വിമര്ശിക്കുകയും പ്രദര്ശനാനുമതി നല്കുകയുമായിരുന്നു. എന്നാല്, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിനെ സിബിഎഫ്സി സമീപിക്കുകയായിരുന്നു. ഇതില് വാദം കേള്ക്കവേയാണ് റിലീസിന് അനുമതി നല്കിയ സിംഗിള് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. ജനുവരി 21നാണ് ഇനി ഹർജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കിമാക്കിയിരുന്നു.
പക്ഷെ ഈ പ്രശ്നങ്ങള് അവസാനിച്ച് ജനനായകന് തിയേറ്റിലെത്തിയാല് റെക്കോര്ഡ് കളക്ഷനാകും തമിഴ് സിനിമ കാണാന് പോകുന്നത് എന്ന കാര്യത്തില് സംശയമില്ല. കാരണം ദളപതി വിജയ്യുടെ ഒരു സിനിമ മാത്രമല്ല ജനനായകന്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി സിനിമയില് നിന്നും മാറിനില്ക്കാന് പോകുന്ന വിജയ്യുടെ അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വിജയ്യുടെ കടുത്ത ആരാധകര് അല്ലാത്തവര് പോലും തിയേറ്ററില് പോയി കാണണമെന്ന് ഉറപ്പിച്ചിരിക്കുന്ന ചിത്രമാണിത് എന്ന് നിസ്സംശയം പറയാം.
Content Highlights: Vijay’s blockbuster film Theri is being re released in theatres to mark the Pongal festival, offering fans a chance to celebrate the actor on the big screen once again. The special re release is expected to draw strong audience interest during the festive season.