യഷിനെ നായകനാക്കി ഗീതു മോഹന്ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന
സിനിമയുടെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ടീസറിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയര്ത്തിയത്. പ്രധാനമായും ടീസറില് നായകനായ യഷിനെ അവതരിപ്പിച്ചതും അതിനായി സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ച രീതിയുമാണ് വിമര്ശിക്കപ്പെട്ടത്.
ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്തു.
ഇപ്പോഴിതാ ഇതിന് മറുപടിയെന്നോണം ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗീതു മോഹൻദാസ്. നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് ഗീതു പങ്കുവെച്ചത്.
'സ്ത്രീകളുടെ സന്തോഷത്തെയും കണ്സെന്റിനെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ. അവര് എങ്ങനെ സിസ്റ്റത്തെ നിയന്ത്രിക്കുന്നു എന്നും അവര് ആലോചിക്കട്ടെ.
ഞങ്ങള് ഇവിടെ ചില് ചെയ്യുന്നു' എന്നാണ് ഗീതുവിന്റെ സ്ക്രീൻഷോട്ടിലെ എഴുത്ത്.
സ്ത്രീ ശരീരങ്ങളെ വില്പനച്ചരക്കായി തന്നെ ഗീതു മോഹന്ദാസും അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ടീസറിന് നേരെ ഉയരുന്ന വിമര്ശനം. മാസ് ആക്ഷന് സിനിമകളില് നായകനെ അവതരിപ്പിക്കാന് ഉപയോഗിക്കുന്ന മസാല ടെക്സിനിക്കുകള് തന്നെ ഗീതു മോഹന്ദാസും പയറ്റിയിരിക്കുന്നു എന്നാണ് വിമര്ശിക്കുന്നവര് പറയുന്നത്. ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്നും കമന്റുകൾ ഉയരുന്നുണ്ട്. സന്ദീപ് റെഡ്ഡി വാങ്ക സിനിമയുടെ ടീസർ പോലെ തോന്നുന്നു എന്നും കമന്റുകളുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധ ആഖ്യാനങ്ങള്ക്കെതിരെ സംവിധായിക നേരത്തെ സ്വീകരിച്ച നിലപാടുകള് കൂടി ചിലര് എടുത്തു പറയുന്നുണ്ട്.
എന്നാൽ ടീസറിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. സിനിമ ഇറങ്ങിയതിന് ശേഷം വിമർശിക്കുന്നതാണ് നല്ലതെന്നും കഥാപാത്രത്തിന്റെ രീതികളെ ഗ്ലോറിഫൈ ചെയ്യാത്തിടത്തോളം കുഴപ്പമൊന്നും ഇല്ല എന്നുമാണ് കമന്റുകൾ. കഴിഞ്ഞ ദിവസങ്ങളില് സിനിമയിലെ അഞ്ച് നായികമാരുടെ ക്യാരക്ടര് പോസ്റ്ററുകള് പുറത്തുവന്നിരുന്നു. ശക്തരായ കഥാപാത്രങ്ങളാകും ഓരോരുത്തരുടേതെന്നും എന്ന സൂചനകളാണ് പോസ്റ്ററുകളും ഇവരെ അവതരിപ്പിച്ചുകൊണ്ട് ഗീതു മോഹന്ദാസ് എഴുതിയ കുറിപ്പും നല്കിയത്. ഗീതുവിന്റെ മുന് സിനിമകളെ കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ടോക്സിക് സ്ത്രീവിരുദ്ധത നിറഞ്ഞ ചിത്രമാകാന് സാധ്യതയില്ലെന്നാണ് ചിലരുടെ അഭിപ്രായം. സിനിമ ഇറങ്ങിയ ശേഷമാകാം വിമര്ശനങ്ങളെന്നാണ് ഇവര് ചൂണ്ടിക്കാണിക്കുന്നത്.
മാർച്ച് 19 നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായാണ് ഒരുക്കിയിരിക്കുന്നത് എന്ന് അണിയറ പ്രവര്ത്തകര് പറയുന്നു. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.
Content Highlights: Geetu Mohandas responds to the criticisms against Yash film toxic teaser