രണ്ടാമൂഴം സിനിമയായി കാണണമെന്ന സ്വപ്നം യാഥാര്ഥ്യമാക്കാനാകാതെയാണ് എം ടി യാത്രയായത്. എംടി സ്വന്തം കൈപ്പടയില് എഴുതിയ തിരക്കഥ സിനിമയാക്കാന് പ്രമുഖ സംവിധായകരടക്കം പലതവണ സമീപിച്ചെങ്കിലും ആ സിനിമാ ചര്ച്ചകളെല്ലാം പാതിവഴിയില് ഉപേഷിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ചിത്രം ഉടൻ വെള്ളിത്തിരയിലേക്ക് എത്തുമെന്ന് നേരത്തെ എം ടി യുടെ മകൾ അശ്വതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമ ആര് സംവിധാനം ചെയ്യുമെന്ന ചർച്ച സജീവമായിരിക്കുകയാണ്.
സിനിമയുടെ സംവിധായകനായി ഋഷഭ് ഷെട്ടി എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് വിവരം. എംടിയുടെ താല്പര്യ പ്രകാരം രണ്ട് ഭാഗങ്ങളായി തന്നെ ചിത്രം ഒരുങ്ങുമെന്നും പറയപ്പെടുന്നു. നേരത്തെ മണി രത്നം ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. 6 മാസത്തോളം മണിരത്നത്തിനു വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തു. എന്നാൽ, ഇത്രയും വലിയ കാൻവാസിൽ ഈ സിനിമ ചെയ്യാൻ തനിക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നു പറഞ്ഞ് മണിരത്നം പിന്നീടു പിന്മാറുകയായിരുന്നു. അദ്ദേഹം തന്നെയാണ് റിഷബ് ഷെട്ടിയുടെ പേര് നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
റിഷബ് എംടിയുമായി ചർച്ച നടത്താൻ കോഴിക്കോട്ടു വരാനിരുന്നപ്പോഴാണ് അഞ്ചു മാസം മുൻപ് എംടിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഏറിയും കുറഞ്ഞും ഇരുന്നതിനാൽ കൂടിക്കാഴ്ച നടക്കാതെ പോയി. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന സംവിധായകനെന്ന നിലയിലാണ് എംടിയുടെ കുടുംബം റിഷബിനെ പരിഗണിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026ൽ ഉണ്ടാകും. ചിത്രത്തിൽ വലിയ താരനിരയുണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഹരിഹരനെയായിരുന്നു സംവിധായകനായി ആദ്യം എംടി മനസില് കണ്ടത്. സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടുപോയതിനെത്തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽ നിന്നു പിൻവാങ്ങുകയായിരുന്നു. അപ്പോള് ഭീമനായി മോഹന്ലാലിന്റെ പേര് പറഞ്ഞുകേട്ടിരുന്നു. എന്നാൽ മോഹൻലാലിന് പകരം ഈ വേഷം റിഷബ് തന്നെ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സംവിധായകര് മാത്രമല്ല, തെന്നിന്ത്യയിലെ പ്രമുഖ നിര്മാതാക്കളും രണ്ടാമൂഴം ഏറ്റെടുക്കാന് തയ്യാറാണ് എന്നതുകൊണ്ട് തന്നെ സിനിമ അധികം വൈകാതെ യാഥാര്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Rishab Shetty Set to Direct Randamoozham, Based on MT Vasudevan Nair’s Classic