'ഈ സിനിമയുടെ തിരക്കഥ പഠിച്ചത് പോലെ പണ്ട് പഠിച്ചിരുന്നെങ്കിൽ ഡോക്ടർ ആയേനെ,' ശിവകാർത്തികേയൻ

'ഇങ്ങനെയൊരു സ്‌ക്രിപ്റ്റില്‍ ഹീറോ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല'

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ തിരക്കഥ പഠിച്ചത് പോലെ താൻ പണ്ട് സ്കൂളിൽ പഠിച്ചിരുന്നുണെങ്കിൽ ഡോക്ടർ ആയേനെയെന്ന് പറയുകയാണ് നടൻ.

'വളരെ ഗൗരവമേറിയ കഥാപാത്രത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെങ്കിലും എന്റര്‍ടെയിന്‍ ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിലുണ്ട്. വളരെ ശക്തമായ തിരക്കഥയാണ് പരാശക്തിയുടെത്. ചെഴിയന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്, മറ്റുള്ളവര്‍ ചെ, ചെ എന്ന് വിളിക്കുമ്പോള്‍ അത് വീണ്ടും പവര്‍ഫുള്‍ ആവും. ആ കഥാപാത്രത്തിന്റെ ഇമോഷന്‍, വള്‍ണറിബിളിറ്റി, വിഷന്‍ ഇതെല്ലാം നല്ല രീതിയില്‍ കഥയിലുണ്ട്.

സ്‌ക്രിപ്റ്റ് റീഡിങ് നടന്നത് ഓഫീസില്‍ വെച്ചായിരുന്നു. രണ്ട് തവണ എല്ലാവര്‍ക്കുമൊപ്പമിരുന്ന് തിരക്കഥ വായിച്ചു. പിന്നീട് ഓരോ ഷെഡ്യൂളിന് മുമ്പും അതത് ഭാഗത്തിന്റെ തിരക്കഥ വായിക്കുമായിരുന്നു. ഇത് കണ്ട് വീട്ടുകാര്‍ പറഞ്ഞിരുന്നു ഇതിന്റെ തിരക്കഥ വായിക്കുന്നതു പോലെ പരീക്ഷക്ക് പഠിച്ചിരുന്നെങ്കില്‍ ഡോക്ടറോ എഞ്ചിനിയറിങ്ങില്‍ ഗോള്‍ഡ് മെഡലിസ്‌റ്റോ ആയേനേ എന്ന്. ഇങ്ങനെയൊരു സ്‌ക്രിപ്റ്റില്‍ ഹീറോ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഒരു അഭിനേതാവെന്ന നിലയില്‍ എന്തെല്ലാം ഇമോഷന്‍ വേണമോ അതെല്ലാം ഇതിലുണ്ട്. എല്ലാവര്‍ക്കും തിയേറ്ററില്‍ മികച്ച ഒരനുഭവമായിരിക്കും പരാശക്തി,' ശിവകാർത്തികേയൻ പറഞ്ഞു.

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Content Highlights: Parashakti is set to be the most expensive film of Sivakarthikeyan's career

To advertise here,contact us