ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ് കഴിഞ്ഞ മൂന്ന് മണിക്കൂർ അനുഭവിച്ചത് എന്ന് ശ്രീനി അങ്കിൾ പറഞ്ഞു: അനൂപ് സത്യൻ

'സ്‌നേഹം ഒരു ഡിസ്റ്റൻസിൽ കാണിക്കുന്നയാളാണ്. പക്ഷേ അന്ന് ഞാൻ അടുത്തിരുന്നപ്പോൾ എന്റെ കൈ പിടിച്ചിരുന്നാണ് സംസാരിച്ചത്'

മലയാള സിനിമാലോകത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു സത്യൻ അന്തിക്കാടും ശ്രീനിവാസനും. ശ്രീനിവാസന്റെ തിരക്കഥകളെ സത്യൻ അന്തിക്കാട് വെള്ളിത്തിരയിലേക്ക് പകർത്തിയപ്പോള്‍ പിറന്നതെല്ലാം മലയാളികളുടെ ഹൃദയം തൊട്ട ചിത്രങ്ങളായിരുന്നു. ശ്രീനിവാസന്റെ വിയോഗവാർത്തയറിഞ്ഞ് നെഞ്ചുലഞ്ഞ് നിൽക്കുന്ന സത്യൻ അന്തിക്കാടിനെയാണ് കഴിഞ്ഞ ദിവസം ഏവരും കണ്ടത്.

'സത്യനും ശ്രീനിയും' തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും അവസാന നാളുകളിൽ അദ്ദേഹത്തിനൊപ്പം ചിലവിടാൻ കഴിഞ്ഞ നിമിഷങ്ങളെ കുറിച്ചും സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. രോഗാവസ്ഥ മൂർച്ഛിച്ച അവസരങ്ങളിൽ ശ്രീനിവാസനെ കാണാൻ പോയപ്പോൾ അദ്ദേഹം നർമം നിറച്ച് സംസാരിക്കുന്നതിനെ കുറിച്ചും അനൂപ് സത്യൻ കുറിപ്പിൽ പറഞ്ഞു.

ജീവിതത്തിലെ ഏതൊരു നിമിഷത്തെ കുറിച്ചും അച്ഛന് (സത്യൻ അന്തിക്കാട്) ഒരു ശ്രീനിയങ്കിൾ കഥ പറയാനാണ്ടാകുമെന്ന് അനൂപ് സത്യൻ കുറിപ്പിൽ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം 'ശ്രീനി പോയി' എന്ന് പറഞ്ഞപ്പോൾ അച്ഛന് ഒപ്പം പറയാൻ ഒന്നും ഉണ്ടായില്ല എന്ന് വേദനയോടെ അനൂപ് കുറിച്ചു.

ഇന്നലെ (ശനിയാഴ്ച) രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.

ഇന്ന് രാവിലെ 10 മണിക്ക് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'ശ്രീനി പോയി'…. ഇത് മാത്രം പറഞ്ഞ് ഒരു സെക്കന്റ് കഴിഞ്ഞ് അച്ഛൻ ഫോൺ കട്ട് ചെയ്തു.

ഈയിടെ പെട്ടെന്നെങ്ങാനും ശ്രീനിയങ്കിൾ ഹോസ്പിറ്റലിൽ അഡ്മിറ്റാകുമ്പോൾ അച്ഛന്റെ കോൾ വരാറുണ്ട്. 'ഒന്നു പോയി നോക്കു' എന്ന് പറഞ്ഞ്. ഞാൻ പോകും. വിമലാന്റിയെ കാണും. ആന്റി 'ഇപ്പൊ കുഴപ്പമൊന്നുമില്ല' എന്ന് പറഞ്ഞു എന്നെ അങ്കിളിന്റെ അടുത്ത് കൊണ്ടു പോകും. ഞാൻ അഛൻ പറഞ്ഞോർമ്മയുള്ള അവരുടെ പഴയ കഥകളെന്തെങ്കിലും പറഞ്ഞിരിക്കും. തിരിച്ചു പോകുന്ന വഴി അഛനെ വിളിച്ച് അന്നത്തെ കാര്യം പറയും. 'ക്ഷീണമുണ്ട്. പക്ഷെ അങ്കിൾ ഓക്കെയാണ്. വിമലാന്റി എന്റെ കല്യാണക്കാര്യം എടുത്തിട്ടപ്പോൾ, കറക്റ്റ് ടൈമിൽ ബ്ലഡ് എടുക്കാൻ വന്ന നഴ്‌സിനെ പിടിച്ചു നിർത്തി എനിക്ക് കല്യാണം ആലോചിച്ചു. നഴ്‌സിനും എനിക്കും നാണം വന്നു' അച്ഛൻ ചിരിച്ചു കൊണ്ട് ഇത് പോലെയുള്ള മറ്റൊരു സംഭവം പറയും.

ഈ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ ശ്രീനിയങ്കിളിന്റെ കൂടെയിരുന്നിട്ടുള്ളത്. അച്ഛന്റെ കൂടെ ഉദയം പേരൂർ ഉള്ള വീട്ടിൽ വെച്ചും, പിന്നെ ഹോസ്പിറ്റലിൽ ആകുന്ന സമയങ്ങളിലും. ആരോഗ്യം മോശമായ കാലമാണ്, സംസാരിക്കുന്നത് ബുദ്ധിമുട്ടിയാണ്. പക്ഷേ ചില കാര്യങ്ങളും കഥകളും അങ്കിൾ ഓർത്തെടുത്ത് പറയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, ഈ സ്‌ട്രോക്കിനും ഹാർട്ട് ഇഷ്യൂസിനും പിടി കൊടുക്കാത്ത ഒരു ശ്രീനിവാസൻ ഇപ്പോഴും മുന്നിലിരിക്കുന്നയാളിലുണ്ടെന്ന്.

രണ്ടാഴ്ച്ച മുൻപാണ് ഞാൻ അവസാനമായി അങ്കിളിനെ കണ്ടത്. ഒന്നു വീണപ്പോൾ കാലിൽ ചെറിയൊരു പൊട്ടൽ ഉണ്ടായി അഡ്മിറ്റായതാണ്. സ്‌നേഹം ഒരു ഡിസ്റ്റൻസിൽ കാണിക്കുന്നയാളാണ്. പക്ഷേ അന്ന് ഞാൻ അടുത്തിരുന്നപ്പോൾ എന്റെ കൈ പിടിച്ചിരുന്നാണ് സംസാരിച്ചത്. 'ജീവിതത്തിൽ അനുഭവിച്ചതിൽ ഏറ്റവും വലിയ വേദനയാണ്, കഴിഞ്ഞ മൂന്നു മണിക്കൂറിൽ ഞാൻ അനുഭവിച്ചത്' എന്നു പറഞ്ഞു. അതിനി ഉണ്ടാവില്ലല്ലോ എന്നു സ്വയം പറഞ്ഞ് ഞാൻ ഇപ്പോൾ സമാധാനിക്കുന്നു.

എന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌ക്രിപ്റ്റ് റൈറ്റർ ശ്രീനിയങ്കിളാണ്. എന്റെ ആദ്യ സിനിമ ഞാൻ എഴുതിയത് അദ്ദേഹത്തിന്റെ ഒരു സ്‌ക്രിപ്റ്റ് ബുക്ക് അപ്പുറത്ത് തുറന്നു വെച്ചിട്ടാണ്. ഏറ്റവും കൂടുതൽ അറിയുന്നത് അച്ഛനിൽ നിന്നും കേട്ട സിനിമക്കപ്പുറത്ത് ഉള്ള ശ്രീനിവാസനെയാണ്.

ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അച്ഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്. അതോർത്തെടുത്ത് പറയാൻ അച്ഛനൊരു സെക്കന്റ് മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ…

'ശ്രീനി പോയി….. ' അതിന്റെ കൂടെ പറയാൻ വേറൊന്നും ഇല്ല.

Content Highlights: Anoop Sathyan shares an emotional note about Sathyan Anthikad and Sreenivasan

To advertise here,contact us