

ഇന്ത്യന് സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാല്ക്കേ അവാര്ഡ് നേടിയ മോഹന്ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. പാട്രിയേറ്റ് സിനിമയുടെ സെറ്റിൽ വെച്ചാണ് മോഹൻലാലിനെ പൊന്നാട അണിയിച്ച് മമ്മൂട്ടി അഭിനന്ദിച്ചത്. സിനിമയിലെ മാറ്റ് അഭിനേതാക്കളും സംവിധായകരും മോഹൻലാലിന് പൊന്നാട അണിയിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി തന്നെ പങ്കുവെച്ചിട്ടുണ്ട്.
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് , സ്നേഹപൂർവ്വം…' എന്ന കുറിപ്പാണ് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മമ്മൂട്ടി എഴുതിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും, മഹേഷ് നാരായണനും മോഹൻലാലിന് പൊന്നാട അണിയിക്കുന്നുണ്ട്. ഇവർ ഒന്നിച്ചെത്തുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ സെറ്റിൽ വമ്പൻ ആഘോഷത്തോടെയാണ് മോഹൻലാലിനെ എതിരേറ്റത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്ജ് മാനുവല് എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന.
അതേസമയം, 2023 ലെ പുരസ്കാരത്തിനാണ് മോഹന്ലാല് ഇപ്പോള് അര്ഹനായത്. അടൂര് ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്ലാല്.ഇന്ത്യന് ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്ക്കെയുടെ സ്മരണാര്ത്ഥം 1969 മുതല് കേന്ദ്ര സര്ക്കാര് നല്കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് ദാദാ സാഹേബ് ഫാല്ക്കെ പുരസ്കാരം. 2004ലാണ് അടൂര് ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിക്കുന്നത്.
Content Highlights: Mammootty congratulates Mohanlal on winning the Phalke Award