

ലോകത്താകമാനം ആരാധകരുള്ള ആക്ഷൻ സിനിമ ഫ്രാഞ്ചൈസി ആണ് ടോം ക്രൂസ് നായകനായി എത്തുന്ന മിഷൻ ഇമ്പോസിബിൾ. ഒൻപത് സിനിമകളാണ് ഈ സീരിസിന്റെ ഭാഗമായി ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിലും വലിയ വിജയങ്ങളായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദളപതി വിജയ്യും യഷും ടോം ക്രൂസിനൊപ്പം മിഷൻ ഇമ്പോസിബിളിൽ അഭിനയിച്ചാൽ എങ്ങനെയിരിക്കും എന്ന പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ടീജെ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രങ്ങൾ പുറത്തുവന്നത്. മിഷൻ ഇമ്പോസിബിൾ ദി ബീസ്റ്റ് പ്രോട്ടോക്കോൾ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ചിത്രങ്ങളിൽ വിജയ്യെ ടോം ക്രൂസിനൊപ്പം നായകനായും യഷിനെ വില്ലനായും ആണ് അവതരിപ്പിച്ചിരിക്കുന്നത്. എഐ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത പതിനാലോളം ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. യഷും വിജയ്യും ടോം ക്രൂസും തമ്മിലുള്ള ഫൈറ്റിന്റെ ചിത്രങ്ങളും ഇതിലുണ്ട്. നിമിഷനേരംകൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായത്. നിറയെ കമന്റുകളും ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്.
പോസ്റ്റർ ഇങ്ങനെയാണെങ്കിൽ ഇത് ശരിക്കും സംഭവിച്ചാൽ ഇതിലും ഗംഭീരമാകുമെന്നാണ് ഒരു കമന്റ്. യഷിനെയും വിജയ്യെയും പ്രധാന കഥാപാത്രമാക്കി ഒരു സിനിമ വന്നാൽ ആ ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർക്കുമെന്നുമാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും ചിത്രങ്ങൾ ഇപ്പോൾ തന്നെ ആരാധകർക്കിടയിൽ ഹിറ്റാണ്.

1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്ലി അറ്റ്വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Mission Impossible with Vijay and Yash goes viral