ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബിലെത്തി മോഹൻലാൽ ചിത്രം ദൃശ്യം 3. നിർമാതാവ് എം രഞ്ജിത്ത് ആണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദി പവർ ബിഹൈൻഡ് ദി റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിലാണ് എം രഞ്ജിത്ത് ദൃശ്യം 3 യുടെ നേട്ടത്തിനെക്കുറിച്ച് മനസുതുറന്നത്.
'ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണ് മലയാള സിനിമ എത്തിയിരിക്കുന്നത്. മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിന് ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നത് സർക്കാരിനാണ്', എം രഞ്ജിത്തിന്റെ വാക്കുകൾ.
ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന് തിയേറ്റര് അവകാശങ്ങളും ഡിജിറ്റല് അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. അതേസമയം, ദൃശ്യം 3 യുടെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: Drishyam 3 got 350 cr worldwide business