'മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ അനുകൂലിച്ച ഷമ്മിയോട് ബഹുമാനം'; മല്ലിക സുകുമാരൻ

പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകൻ പറയുന്നൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഈ കുറിപ്പ് മല്ലിക പങ്കുവെച്ചിരിക്കുന്നത്

പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ 'വിലായത്ത് ബുദ്ധ' മികച്ച രീതിയിൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. അതിനിടയിൽ സിനിമയ്ക്കും ചിത്രത്തിലെ താരങ്ങള്‍ക്കുമെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണവും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ അമ്മയും മുതിർന്ന നടിയുമായ മല്ലിക സുകുമാരൻ ഈ വിഷയത്തിൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

''യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട്, കൃഷ്ണന്‍റെയും വല്ല പെണ്ണിന്‍റെയും, ഒന്നുമറിയാത്ത കുഞ്ഞിന്‍റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു'' എന്നാണ് മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകൻ പറയുന്നൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഈ കുറിപ്പ് അവർ പങ്കുവെച്ചിരിക്കുന്നത്. 'നായകൻ പൃഥ്വിരാജ് ആയത് കൊണ്ട് മാത്രമാണ് 'വിലായത്ത് ബുദ്ധ'യിലെ ഭാസ്കരൻ മാഷ് എന്ന വേഷം ചെയ്യാൻ തനിക്ക് സാധിച്ചതെന്നും നായകനേക്കാള്‍ സ്ക്രീൻ സ്പേസ് കൂടുതലുള്ളൊരു കഥാപാത്രം എന്നെപ്പോലൊരു നടന് നൽകാനുള്ള മനസ്സുള്ള വ്യക്തിയാണ്, മറ്റൊരാളാണെങ്കിൽ എനിക്ക് അങ്ങനെയൊരു വേഷം ചെയ്യാൻ പറ്റില്ല, അതിന് ജീവിതകാലം മുഴുവൻ രാജുവിനോടും ചിത്രത്തിന്‍റെ സംവിധായകനോടും താൻ കടപ്പെട്ടിരിക്കും' എന്നാണ് ഷമ്മി തിലകൻ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

സിനിമയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും ഷമ്മി തിലകൻ തന്‍റെ നിലപാട് അറിയിച്ചിരുന്നു. ചിത്രത്തിൽ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബർ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞദിവസം സൈബർ സെല്ലിൽ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിരുന്നു. 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതുമായ രീതിയിലാണ് സിനിമയ്ക്ക് എതിരെയുള്ള പ്രചാരണം നടക്കുന്നത്. അതേസമയം ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

Content Highlights: Mallika Sukumaran about cyberbullying on Vilayath Buddha movie

To advertise here,contact us