മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം പാഴാക്കി, ഇപ്പോൾ കുറ്റബോധം തോന്നുന്നു; രാജശ്രീ

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതിൽ വിഷമം ഉണ്ട്

മേഘസന്ദേശത്തിൽ പ്രേതമായി മലയാളികളെ ഞെട്ടിച്ച നടിയാണ് രാജശ്രീ നായർ. ഒരിടവേളയ്ക്ക് ശേഷം വിലായത്ത് ബുദ്ധയിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമാക്കാൻ ഒരുങ്ങുകയാണ് നടി. മോഹൻലാലിനൊപ്പം രാവണപ്രഭു, മിസ്റ്റർ ബ്രഹ്മചാരി, ഗ്രാൻഡ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ രാജശ്രീ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടെന്ന് പറയുകയാണ് നടി. മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ അത് ചെയ്യാൻ കഴിയാഞ്ഞത് നഷ്ടമായെന്നും നടി പറഞ്ഞു.

'ലാലേട്ടനൊപ്പം ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്കയ്ക്കൊപ്പം ചെയ്യാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. സത്യത്തിൽ മമ്മൂക്കക്കൊപ്പം സിനിമ ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ മറ്റു പല കാരണങ്ങൾ കൊണ്ട് എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. ഏതാണ് ആ സിനിമ എന്ന് ഞാൻ പറയുന്നില്ല. കാരണം എന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമാണത്.

എല്ലാവരുടെയും ആഗ്രഹമാണ് മമ്മൂട്ടിയെപ്പോലെ ഒരു നടന്റെ കൂടെ അഭിനയിക്കണം എന്നത്. മമ്മൂക്കയുടെ അടുത്തിറങ്ങിയ ഭ്രമയുഗം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അത്തരത്തിലൊരു കഥാപാത്രം മമ്മൂക്കയിൽ നിന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത്രക്ക് അടിപൊളി ലുക്കും പൊർഫോമൻസുമായിരുന്നു ചിത്രത്തിൽ മമ്മൂക്കയുടേത്,' രാജശ്രീ പറഞ്ഞു.

നല്ല റോളുകൾ ലഭിക്കാത്തത് കൊണ്ടാണ് മലയാള സിനിമയിൽ ഗ്യാപ്പ് വന്നതെന്നും രാജശ്രീ കൂട്ടിച്ചേർത്തു. 'ഞാൻ കൂടുതലും തെലുങ്കിലാണ് ചെയ്യുന്നത്. തമിഴും, ഹിന്ദിയും ചെയ്തു. വിലായത്ത് ബുദ്ധയ്ക്ക് ശേഷം മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിലായത് ബുദ്ധ തന്നെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.' രാജശ്രീ നായർ പറഞ്ഞു.

രാജസേനന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ഹൊറർ ചലച്ചിത്രമാണ് മേഘസന്ദേശം. സുരേഷ് ഗോപി, സംയുക്ത വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയവർ ആയിരുന്നു സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നത്. സിനിമയിലെ ഹൊറർ സീനുകൾക്ക് അക്കാലത്ത് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

Content Highlights: Rajsree says she regrets missing out on the opportunity to act with Mammootty

To advertise here,contact us