തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടന്മാരിൽ ഒരാളാണ് ധനുഷ്. ദുബായ് വാച്ച് വീക്കിൽ പങ്കെടുക്കുന്നതിനിടെ തന്റെ പ്രിയപ്പെട്ട വാച്ച് ഏതെന്ന് പറയുകയാണ് നടൻ. ലക്ഷങ്ങൾ വില വരുന്ന ഏതെങ്കിലും ബ്രാൻഡിന്റെ വാച്ചായിരിക്കും നടൻ പറയുക എന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ 100 രൂപയിൽ കുറഞ്ഞ ഒരു വച്ച് അമ്മ വാങ്ങിത്തന്നിരുന്നുവെന്നും പേരൊന്നുമില്ലാത്ത ഒരു പ്ലാസ്റ്റിക്കിന്റേതാണ് അതെന്നും നടൻ പറഞ്ഞു. ഈ വച്ചാണ് തന്റെ പ്രിയപ്പെട്ട വച്ച് എന്നും ധനുഷ് പറഞ്ഞു. പ്രവർത്തിക്കുന്നില്ലെങ്കിലും ആ വാച്ച് ഇപ്പോഴും തന്റെ വീട്ടിൽ ഒരു പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ധനുഷ് കൂട്ടിച്ചേർത്തു.
'ഞാൻ വളരെ സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ 'അമ്മ വാങ്ങി തന്ന 100 റോപ്പയിൽ കുറഞ്ഞ ഒരു വാച്ചുണ്ട്. ബാറ്ററി തീർന്നാൽ വാച്ചിന്റെ ഉപയോഗം കഴിയും. അത് പല നിറങ്ങളിൽ ഉണ്ടായിരുന്നു. എന്റെ സഹോദരിമാരും ഞാനും വയലറ്റ്, മഞ്ഞ, പച്ച നിറങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു… അത് വളരെ ആകർഷണമുള്ള ഒന്നായിരുന്നു. ബാറ്ററി തീർന്നാലും ഞാൻ ആ വാച്ച് കെട്ടി സ്കൂളിൽ പോകുമായിരുന്നു. അത് സമയം കാണിക്കുന്നത് നിർത്തിയിട്ടും ഞാൻ അത് ധരിക്കുമായിരുന്നു. എനിക്ക് ആ വാച്ചിനോട് ശരിക്കും പ്രണയമായിരുന്നു,' ധനുഷ് പറഞ്ഞു.
ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കൃതി സനോൺ ആണ് സിനിമയിലെ നായിക. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്. നവംബർ 28 നാണ് സിനിമ പുറത്തിറങ്ങുന്നത്.
അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
Content Highlights: Dhanush talks about his favorite watch