

സൂപ്പർ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റി സ്റ്റേജിൽ പാടി ട്രോളുകൾ ഏറ്റ് വാങ്ങുകയാണ് നടിയും ഗായികയുമായ ആൻഡ്രിയ. ടോയോട്ട സംഘടിപ്പിച്ച പരിപാടിയിൽ ആണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന ഗാനം ആൻഡ്രിയ പാടിയത്. തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രിയ ഗാനം സ്റ്റേജിൽ അവതരിപ്പിച്ചത്. ഈ ഗാനത്തിനാണ് ഇപ്പോൾ ട്രോളുകൾ വരുന്നത്. സോഷ്യൽ മീഡിയയിൽ ആൻഡ്രിയ പാടുന്നതിന്റെ വിഡിയോയും വൈറൽ ആണ്.


ജീത്തു മാധവൻ സംവിധാനത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച ചിത്രമാണ് ആവേശം. സിനിമയിലെ പാട്ടുകൾ ഒരുക്കിയത് സുഷിൻ ശ്യാമായിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് ഗാനം വമ്പൻ രീതിയിലാണ് ആഘോഷിച്ചത്. സോഷ്യൽ മീഡിയ തന്നെ രംഗണ്ണൻ ഭരിക്കുകയായിരുന്നു. ഇത്രയും ആരാധക ശ്രദ്ധ നേടിയ ഗാനത്തെ ആൻഡ്രിയ പാടി കുളമാക്കിയെന്നാണ് ആരാധകർ പറയുന്നത്. ആൻഡ്രിയയുടെ പാട്ടിന് ആരാധകർ നൽകുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ആ പാട്ടിനെ ആൻഡ്രിയ നശിപ്പിച്ചു, രംഗണ്ണൻ ഇറങ്ങി ഓടി കാണും തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ എത്തുന്നത്.

അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റാണ്.
Content Highlights: Andrea's Illuminati song trolled on social media