ബോളിവുഡിൽ ഇനി പുറത്തിറങ്ങാനുള്ള സിനിമയാണ് മസ്തി 4. ഒരു അഡൾട്ട് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ നാളെ പുറത്തിറങ്ങും. മസ്തി എന്ന ചിത്രത്തിന്റെ നാലാം ഭാഗമായി എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 39 സെക്കൻഡാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്. വെള്ളിയാഴ്ചയാണ് മസ്തി 4 റിലീസ് ചെയ്യുന്നത്.
ഏതാനും സംഭാഷണങ്ങളും ദൃശ്യങ്ങളുമാണ് മസ്തി 4ൽ നിന്ന് നീക്കം ചെയ്തത്. മൃഗങ്ങൾ ഇണചേരുന്ന ഒരു ടോപ്പ് ആംഗിൾ രംഗം നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർമ്മാതാക്കളോട് നിർദ്ദേശിച്ചു. മനുഷ്യരുടെ മുഖങ്ങളുടെ ക്ലോസപ്പ് ഷോട്ടുകളിൽ 30 സെക്കൻഡിൻ്റെ കുറവ് വരുത്താനും ബോർഡ് ആവശ്യപ്പെട്ടു. മൂന്ന് സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഇതിൽ ഒരെണ്ണം പൂർണമായും മാറ്റി, പകരം മറ്റൊന്ന് ചേർക്കുകയും ചെയ്തു. തിരക്കഥയിലെ മറ്റൊരിടത്ത് 'ഐറ്റം' എന്ന വാക്കിന് പകരം മറ്റൊരു വാക്ക് ഉപയോഗിച്ചു. ഒരു മദ്യ ബ്രാൻഡിൻ്റെ പേര് മാറ്റാനും നിർദേശമുണ്ട്.
നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയ ശേഷം നവംബർ 17 നാണ് സിബിഎഫ്സി 'മസ്തി 4'-ന് 'എ' സർട്ടിഫിക്കറ്റ് നൽകിയത്. സെൻസർ സർട്ടിഫിക്കറ്റ് അനുസരിച്ച് ചിത്രത്തിൻ്റെ ദൈർഘ്യം രണ്ട് മണിക്കൂറും 24 മിനിറ്റും 17 സെക്കൻഡുമാണ്. മിലാപ് സവേരി സംവിധാനം ചെയ്ത മസ്തി 4ൽ റിതേഷ് ദേശ്മുഖ്, വിവേക് ഒബ്റോയ്, അഫ്താബ് ശിവ്ദാസനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റൂഹി സിംഗ്, ശ്രേയ ശർമ്മ, എൽനാസ് നൊറൂസി, നതാലിയ ജനോസെക്, ഷാദ് രൺധാവ, നിഷാന്ത് സിംഗ് മൽകാനി, അർഷാദ് വർസി, തുഷാർ കപൂർ, നർഗീസ് ഫക്രി എന്നിവരും താരനിരയിലുണ്ട്.
Content Highlights: Censor board cuts for Mastii 4