മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വാരാണാസി. സിനിമയുടെ ട്രെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ഗംഭീര പരിപാടിയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റു താരങ്ങൾ മഹേഷ് ബാബുവിൽ നിന്ന് കണ്ടു പഠിക്കേണ്ട ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് രാജമൗലി. സിനിമ സെറ്റിൽ എത്തി തിരിച്ച് ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന വരെ മഹേഷ് ബാബു മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് പറയുകയാണ് രാജമൗലി.
'മഹേഷ് ബാബുവിന്റെ സ്വഭാവത്തിൽ നിന്നും നമുക്കെല്ലാവർക്കും ഒരു കാര്യം പഠിക്കാനുണ്ട്. എല്ലാവരും പഠിക്കേണ്ട ഒന്ന്. മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിലേക്കോ വരുമ്പോൾ മൊബൈൽ ഫോൺ തൊടില്ല. അദ്ദേഹം എട്ട് മണിക്കൂർ ജോലി ചെയ്യും, തിരികെ പോകുമ്പോൾ മാത്രമേ മൊബൈൽ ഫോൺ നോക്കൂ', രാജമൗലി പറഞ്ഞു. മഹേഷ് ബാബുവിനെ ആദ്യം ശ്രീരാമന്റെ വേഷത്തിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചം ഉണ്ടായെന്നും ആ ചിത്രം ഫോണിൽ വോൾപേപ്പർ ആക്കിയിരുന്നുവെന്നും രാജമൗലി പറഞ്ഞിരുന്നു.
അതേസമയം, വാരാണാസിയുടെ ടൈറ്റില് അനൗണ്സ്മെന്റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില് വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര് ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര് ആര് ആര് ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില് ആഗോളതലത്തില് തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന് നടത്തിയ ബോഡി ട്രാന്സ്ഫോര്മേഷന് ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള് നേരത്തെ പൂര്ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങള് പുറത്തുവന്നിട്ടില്ല.
Content Highlights: Rajamouli says Mahesh Babu doesn't use his mobile phone when he arrives on the sets