മലയാള സിനിമയ്ക്ക് എന്നെ ആവശ്യം ഇല്ല, ഞാൻ കടിച്ചു തൂങ്ങി നിൽക്കുകയാണ്; ഹണി റോസ്

'എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. മലയാള സിനിമക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍, ഒരാവശ്യവുമില്ല'

ഹണി റോസ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന റേച്ചൽ എന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ സിനിമയിൽ വന്നിട്ട് 20 വർഷമായെന്നും മലയാള സിനിമയ്ക്ക് തന്നെ ആവശ്യമില്ലെന്നും നടി പറഞ്ഞു. താൻ സിനിമയിൽ കടിച്ചു തൂങ്ങി പിടിച്ചുനിൽക്കുന്ന ആളാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

'പത്തിരുപത് വര്‍ഷമായി സിനിമാ മേഖലയില്‍. അതിന്റെ കാരണഭൂതന്‍ വിനയന്‍ സാറാണ്. അദ്ദേഹമാണ് സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. ഇതിലെങ്കിലും ഇവള്‍ രക്ഷപെടുമായിരിക്കും എന്നായിരിക്കും വിനയന്‍ സാറിന്റെ മനസിലൂടെ പോകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. മലയാള സിനിമക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍, ഒരാവശ്യവുമില്ല. ഞാന്‍ കടിച്ചു തൂങ്ങി പിടിച്ചു നില്‍ക്കുന്ന ഒരാളാണ്,' ഹണി റോസ് പറഞ്ഞു.

ഒരുപാട് സിനിമ ചെയ്യാനുള്ള ആഗ്രഹം തനിക്ക് ഇല്ലെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യുകയാണ് പാഷനെന്നും ഹണി റോസ് പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഒത്തിരി കഥാപാത്രങ്ങള്‍ വരണമെന്നില്ല. വരുന്നതില്‍ നിന്ന് ഏറ്റവും നല്ലത് ചൂസ് ചെയ്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ്. അതെന്റെ വലിയൊരു പാഷന്‍ ആണ്',ഹണി റോസ് കൂട്ടിച്ചേർത്തു.

റേച്ചൽ ക്രിസ്മസ് റിലീസായി ഡിസംബര്‍ ആറിനാണ് തിയേറ്ററുകളിൽ എത്തുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വിത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

Content Highlights:  honey rose about malayalam cinema

To advertise here,contact us