തിയേറ്ററിൽ ഇൻഡസ്ട്രി ഹിറ്റായി ഒടിടിയിലും ആളെക്കൂട്ടുമോ?; ഈ വാരം പുറത്തിറങ്ങുന്ന OTT സിനിമകൾ ഇവയൊക്കെ

ബോക്സ് ഓഫീസിൽ 800 കോടിയോളം നേടി ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ കാന്താര ചാപ്റ്റർ വൺ ആണ് ഈ വാരം ഒടിടിയിൽ എത്താൻ ഒരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം

തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

മലയാളത്തിലെ ആദ്യ 300 കോടി സിനിമയായ ലോകയാണ് ഈ വാരം ഒടിടിയിൽ എത്തുന്ന പ്രധാന സിനിമകളിൽ ഒന്ന്.

ജിയോഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ 31 മുതൽ സിനിമ പുറത്തിറങ്ങും. ഒടിടിയിലും സിനിമയ്ക്ക് മികച്ച അഭിപ്രായം നേടാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.

അർജുൻ അശോകൻ ചിത്രം തലവര ആണ് ഒടിടി സ്ട്രീമിങ് ആരംഭിച്ച മറ്റൊരു മലയാള ചിത്രം. മലയാള സിനിമയില്‍ 'ടേക്ക് ഓഫ്' , 'മാലിക്ക്' പോലുള്ള വലിയ ഹിറ്റുകള്‍ സമ്മാനിച്ച മഹേഷ് നാരായണന്‍ അർജുൻ അശോകനെ നായകനാക്കി ചെയ്ത ചിത്രമാണ് തലവര. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങൾ ആണ് തിയേറ്ററിൽ നിന്നും നേടിയത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

ധനുഷ്, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമിപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. 45 കോടിയ്ക്കാണ് ഇഡ്‌ലി കടൈയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരൺ, ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.

ബോക്സ് ഓഫീസിൽ 800 കോടിയോളം നേടി ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ കാന്താര ചാപ്റ്റർ വൺ ആണ് ഈ വാരം ഒടിടിയിൽ എത്താൻ ഒരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം. ഒക്ടോബർ 31 മുതൽ കാന്താര ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: This week OTT release list

To advertise here,contact us