

വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ഇപ്പോഴിതാ ചിത്രമിറങ്ങി രണ്ടാം വർഷമാകുന്നതിനോട് അനുബന്ധിച്ച് വിജയ് ആരാധകർ ചിത്രം തിരുവനന്തപുരത്ത് റീ റിലീസ് ചെയ്തിരുന്നു.
മലയാളി നടൻ മാത്യു തോമസ് ആയിരുന്നു സിനിമയിൽ വിജയ്യുടെ മകനായി എത്തിയത്. ഇപ്പോഴിതാ സിനിമയുടെ റീ റിലീസ് കാണാനെത്തിയ മാത്യു പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരുവനന്തപുരം ഏരീസ് പ്ളെക്സിലായിരുന്നു സിനിമയുടെ റീ റിലീസ് നടന്നത്. മാത്യുവിനൊപ്പം പുതിയ സിനിമയായ നൈറ്റ് റൈഡേഴ്സിലെ താരങ്ങളും ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിയേറ്ററിലെ ആഘോഷങ്ങളുടെ വീഡിയോ മാത്യു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ പ്രിയപ്പെട്ട വിജയ് സാർ, നന്ദി. ഞാൻ നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ സമയവും എനിക്ക് വിലപ്പെട്ടതായിരുന്നു. താങ്കളുടെ പേരിൽ എനിക്ക് ലഭിക്കുന്ന സ്നേഹം വളരെ പ്രിയപ്പെട്ടതാണ്', എന്നാണ് മാത്യു തോമസ് പോസ്റ്റിനൊപ്പം കുറിച്ചത്.
സെവന് സ്ക്രീന് സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചത്. ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്ജുന് സര്ജ, ഗൗതം വാസുദേവ് മേനോന്, മന്സൂര് അലി ഖാന്, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദര് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
അതേസമയം, മാത്യുവിന്റെ ഏറ്റവും പുതിയ സിനിമയായ നൈറ്റ് റൈഡേഴ്സ് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മാത്യു തോമസിന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് അഭിപ്രായങ്ങൾ. ആദ്യ ദിനം തിയേറ്ററിൽ നിന്ന് 60 ലക്ഷം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിലൂടെ മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എ ആന്ഡ് എച്ച്.എസ്. പ്രൊഡക്ഷന്സിന്റെ ബാനറില് അബ്ബാസ് തിരുനാവായ, സജിന് അലി, ഹംസ തിരുനാവായ എന്നിവര് ചേര്ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.
Content Highlights: Mathew thomas new post on Leo goes viral