മാർവെൽ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് എലിസബത്ത് ഓൾസൻ. മാർവെലിൽ വാണ്ട മാക്സിമോഫ് / സ്കാർലറ്റ് വിച്ച് എന്ന കഥാപാത്രത്തിലൂടെയാണ് നടി വലിയ ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇപ്പോഴിതാ തിയേറ്ററുകളെക്കുറിച്ചും ഒടിടി സിനിമകളെക്കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. തിയേറ്റർ റിലീസ് ഇല്ലാത്ത, സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രം ഒരുക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ താൽപ്പര്യമില്ലെന്ന് നടി പറഞ്ഞു. എന്നാൽ ഒടിടി വിൽപ്പന മാത്രം നടക്കാൻ സാധ്യതയുള്ള സ്വതന്ത്രമായി നിർമ്മിക്കുന്ന ചെറു ചിത്രങ്ങളുടെ ഭാഗമാകാൻ പ്രശ്നമില്ലെന്നും എലിസബത്ത് ഓൾസൻ പറഞ്ഞു.
'സിനിമകൾ തിയേറ്ററിനുള്ളതാണ് ആളുകൾ വേർതിരിവുകളില്ലാതെ ഒരു പ്രവൃത്തിയിൽ അച്ചടക്കത്തോടെ ഒത്തുകൂടാൻ ഒരിടം ഇപ്പോഴും ആവശ്യമാണ്. ഒടിടിയിൽ മാത്രം അവസാനിക്കുന്ന ചിത്രങ്ങളുടെയല്ല അങ്ങനൊരു സാംസ്കാരിക കൂടിച്ചേരലിന് കാരണമാകുന്ന തരത്തിലുള്ള ചിത്രങ്ങളുടെ ഭാഗമാകാനാണ് ഇഷ്ടം', എലിസബത്ത് ഓൾസൻ പറഞ്ഞു.
ഒടിടിക്ക് വിൽക്കുന്ന ചെറിയ ഇൻഡിപെൻഡന്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കുഴപ്പമില്ലെന്നും, സ്റ്റുഡിയോയുടെ ഇടപെടലും ഇൻവെസ്റ്റ്മെന്റും വാണിജ്യ സാധ്യതകളും ഉള്ളവ സ്ട്രീമിങ്ങിന് മാത്രമായി നൽകുന്ന പ്രവൃത്തിയോടെ തനിക്ക് താല്പര്യക്കുറവുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു. ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായ ഏറ്റെർനിറ്റി ആണ് ഇനി പുറത്തിറങ്ങാനുള്ള എലിസബത്ത് ഓൾസൻ ചിത്രം. പ്രശസ്ത ഹോളിവുഡ് സ്റ്റുഡിയോ ആയ A24 നിർമിക്കുന്ന ചിത്രം നവംബർ 26 ന് തിയേറ്ററുകളിലെത്തും. മൈൽസ് ടെല്ലർ, കാലം ടർണർ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിനു ശേഷം ശേഷം മാർവെലിന്റെ ആനിമേറ്റഡ് ചിത്രമായ മാർവെൽ സോംബീസിലും, അടുത്ത വർഷം ആദ്യം എത്തുന്ന അവേഞ്ചേഴ്സ് ഡൂംസ് ഡേയിലും എലിസബത്ത് ഓൾസൻ അഭിനയിക്കും.
Content Highlights: Elizabeth Olsen about theatre and OTT movies