വിജയ്ക്കൊപ്പം ലിയോയിൽ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ മാത്യു തോമസ്. വിജയ്യുടെ മേലേക്ക് ജാവലിൻ ത്രോ എറിയുന്ന സീൻ കമ്പ്യൂട്ടർ ഗ്രാഫിക്സ് ആണെന്ന് മാത്യു തോമസ് പറഞ്ഞു. ആ സീനിൽ വിജയ് നീ അറിഞ്ഞോണ്ട് അല്ലേടാ എറിഞ്ഞതെന്ന് ചോദിക്കുന്നുണ്ടെന്നും അത് അധികം ആരും ശ്രദ്ധിക്കാതെ പോയെന്നും മാത്യു പറഞ്ഞു. തൃഷയെ ആദ്യമായി കണ്ടപ്പോൾ മോൻ ആയിട്ട് അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതായും മാത്യു കൂട്ടിച്ചേർത്തു. പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ തമാശ രൂപത്തിലായിരുന്നു മാത്യു ഇക്കാര്യം പറഞ്ഞത്.
'ജാവലിൻ ത്രോ ആ സിനിമയ്ക്ക് വേണ്ടി പഠിച്ചതാണ്. അവിടെ ആക്ഷൻ ടീമിലെ ഒരാൾ ഉണ്ടായിരുന്നു. അപ്പോൾ സ്നോയിലാണ് പഠിച്ചത്. വിജയ് സാറിന്റെ മേലേക്ക് എറിയുന്നത് എല്ലാം കമ്പ്യൂട്ടർ ഗ്രാഫിക്സ് ആണ്. ശരിക്കും എറിഞ്ഞിരുന്നേൽ എന്തെങ്കിലും പറ്റിയാൽ പ്രശ്നം ആവില്ലേ. അച്ഛൻ തന്നെയാണ് വിളിച്ച് പറഞ്ഞത് ആര് വന്നാലും ഒന്നും നോക്കണ്ട വലിച്ച് എറിഞ്ഞോ എന്ന്. അതാണ് അച്ഛന് നേരെ ജാവലിൻ എറിഞ്ഞത്. അതിനിടയിൽ ഒരു ഡയലോഗ് ഉണ്ട് വിജയ് സാർ പറയുന്നത് 'അറിഞ്ഞോണ്ട് അല്ലേടാ നീ എറിഞ്ഞത്' എന്ന്. അത് ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു,' മാത്യു തോമസ് പറഞ്ഞു. തൃഷ മാമിനെ ആദ്യം കണ്ടപ്പോൾ മോൻ ആയിട്ട് അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിരുന്നതായും മാത്യു പറഞ്ഞു. തനിക്കും മോൻ ആകാൻ താല്പര്യം ഉണ്ടായിരുന്നില്ലെന്നും ദത്ത് പുത്രൻ ആയിരിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്നും മാത്യു മറുപടി നൽകിയതായും കൂട്ടിച്ചേർത്തു. തമാശ രൂപത്തിലായിരുന്നു മാത്യുവിൻ്റെ പ്രതികരണം.
അതേസമയം, ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന നൈറ്റ് റൈഡേഴ്സ് ആണ് മാത്യുവിന്റെ വരാനിരിക്കുന്ന ചിത്രം. ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നെല്ലിക്കാംപോയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Mathew Thomas says Trisha was not interested in me playing her son in the movie Leo