
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ പണംവാരി പടമായ 'ദംഗൽ' എന്ന സിനിമയിലൂടെ പ്രശസ്തയായ മുൻ ബോളിവുഡ് നടി സൈറ വസീം വിവാഹിതയായി. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് നടി സന്തോഷ വാർത്ത അറിയിച്ചത്. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൈറ സിനിമാ മേഖലയിൽ നിന്ന് വിട്ടുനിന്നത്.
ആദ്യ ചിത്രത്തിൽ വിവാഹ ഉടമ്പടിയിൽ ഒപ്പിടുന്ന സൈറയെ കാണാം. രണ്ടാമത്തെ ചിത്രത്തിൽ ഭർത്താവിനൊപ്പം നിൽക്കുന്ന സൈറയുമുണ്ട്. ഇരുവരുടെയും മുഖങ്ങൾ ചിത്രത്തിൽ നിന്ന് വ്യക്തമല്ല. 'ഖുബൂൽ ഹെ x3' എന്നാണ് ഫോട്ടോ പങ്കുവെച്ച് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2016 ൽ ആമിർ ഖാൻ ചിത്രം ദംഗലിലൂടെയാണ് സൈറ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിൽ ഗുസ്തിതാരം ഗീത ഫോഗട്ടിന്റെ കുട്ടിക്കാലം ആണ് സൈറ അവതരിപ്പിച്ചത്.
തുടർന്ന് ആമിർ ഖാന്റെ തന്നെ 'സീക്രട്ട് സൂപ്പർസ്റ്റാർ' എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിരൂപക പ്രശംസയും നിരവധി അവാർഡുകളും നേടി. പ്രിയങ്ക ചോപ്രയോടൊപ്പം 'ദി സ്കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലും സൈറ അഭിനയിച്ചു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിലെ അഭിനയത്തിലൂടെ സൈറ നേടിയത്. എന്നാൽ 2019 ൽ സൈറ അഭിനയം നിർത്തുകയും പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. നിരവധി പേരാണ് സൈറക്ക് ആശംസകളുമായി എത്തുന്നത്.
Content Highlights: Dangal star Zaira wasim got married