
തെന്നിന്ത്യയിലെ തിരക്കേറിയ സംവിധായകരിൽ ഒരാളാണ് അറ്റ്ലീ. ഷാരൂഖ് ഖാൻ നായകനായി 1000 കോടി ക്ലബ്ബിൽ ഇടം നേടിയ ജവാൻ ആണ് അറ്റ്ലീയുടെ ഒടുവിൽ റീലീസ് ചെയ്ത ചിത്രം. ഇപ്പോഴിതാ 150 കോടി ബജറ്റിൽ ഒരു പരസ്യ ചിത്രം അറ്റ്ലീയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. രൺവീർ സിംഗ്, ബോബി ഡിയോൾ, ശ്രീലീല എന്നിവർ ഒരുമിക്കുന്ന പരസ്യമാണ് ഇപ്പോൾ ബി ടൗണിലെ പ്രധാന ചർച്ചാ വിഷയം.
ഫുഡ് ബ്രാൻഡായ ചിങ്സിനു വേണ്ടിയാണ് അറ്റ്ലീ പരസ്യം ഒരുക്കിയിരിക്കുന്നത്. പരസ്യത്തിന്റെ ടീസർ പുറത്തു വന്നിട്ടുണ്ട്. നാളെയാണ് പരസ്യം റീലീസ് ചെയ്യുന്നത്. അഭിപ്രായം മികച്ചതാണെങ്കിലും ഒരു പരസ്യത്തിന് വേണ്ടി ഇത്രയും തുക ചിലവഴിക്കുന്നതിൽ വിമർശനവും വന്നിട്ടുണ്ട്. 150 കോടി ഉണ്ടെങ്കിൽ നല്ലൊരു സിനിമ എടുക്കാമല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
അതേസമയം, അറ്റ്ലീയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ അല്ലു അർജുൻ നായകൻ ആകുന്ന പാൻ ഇന്ത്യൻ ചിത്രമാണ്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രത്തിലാണ് രൺവീർ അടുത്തതായി അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലാണ് രൺവീർ അവസാനമായി അഭിനയിച്ചത്.
Content Highlights: Advertisement to be made at a cost of Rs 150 crores under the direction of Atlee