ഇത്രയും ചുംബനം വേണ്ട, രക്തം ഇങ്ങനെ ഊറ്റികുടിക്കേണ്ട; സെൻസർ ബോർഡിന്റെ അടുത്ത പണി രശ്‌മിക പടത്തിന്

അഞ്ച് മാറ്റങ്ങളാണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്

മഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ഥാമ. ആയുഷ്മാൻ ഖുറാന, രശ്‌മിക മന്ദാന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21 ന് തിയേറ്ററിലെത്തും. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ സെൻസർ സർട്ടിഫിക്കറ്റിലെ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

അഞ്ച് മാറ്റങ്ങളാണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം ആണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചിത്രത്തിലെ ചുംബന രംഗം 30 ശതമാനത്തോളം കുറച്ചിട്ടുണ്ട്. അതോടൊപ്പം ചിത്രത്തിൽ രക്തം ഊറ്റി കുടിക്കുന്നതിന്റെ ശബ്ദവും കുറച്ചിട്ടുണ്ട്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 30 മിനിട്ടാണ് സിനിമയുടെ നീളം. ഒരു ഹൊറർ ആക്ഷൻ വാമ്പയർ ചിത്രമായി ഒരുങ്ങുന്ന ഥാമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ മഡോക്ക് യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. ആദിത്യ സർപോദാർ ആണ് ഥാമ സംവിധാനം ചെയ്യുന്നത്. പരേഷ് റാവലും നവീസുദ്ദീൻ സിദ്ദിഖിയുമാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

നേരത്തെ ഷെയിൻ നിഗം ചിത്രമായ ഹാലിനും സെൻസർ ബോർഡിൽ നിന്ന് കട്ടുകൾ നേരിട്ടിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന സിനിമയാണ് ഹാല്‍. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്‌സി അറിയിച്ചിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്.

അതേസമയം ഹാല്‍ സിനിമയ്ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് ആരോപണം. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹര്‍ജി നല്‍കുകയായിരുന്നു.

Content Highlights: Thamma film censor certificate out now

To advertise here,contact us