വരവറിയിച്ച് ആമിർ അലി, 1 മില്യണും കടന്ന് പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ'യുടെ ഗ്ലിംപസ്

24 മണിക്കൂർ പോലും പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ 1 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ നേടിയത്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ' ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോക്ക് ഗംഭീര സ്വീകരണം. റിലീസ് ചെയ്ത് 24 മണിക്കൂർ പോലും പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ 1 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ യൂട്യൂബിൽ നിന്ന് നേടിയത്. "ദ ബ്ലഡ് ലൈൻ" എന്ന ടൈറ്റിലോടെ പുറത്ത് വന്ന ഗ്ലിമ്പ്സ് വീഡിയോ പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, മാസ്സ് ആക്ഷൻ, ഗംഭീര ഡയലോഗുകൾ എന്നിവയുൾപ്പെടുത്തി ഒരുക്കിയ ഗ്ലിമ്പ്സ് ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതം, ജോമോൻ ടി ജോൺ നൽകിയ ദൃശ്യങ്ങൾ എന്നിവയും വീഡിയോയുടെ ഹൈലൈറ്റുകളായി മാറിയിട്ടുണ്ട്.

ചിത്രം 2026 ഓണം റിലീസായാണ് എത്തുകയെന്നും ഗ്ലിമ്പ്സ് വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന നായക കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ, പിആർഒ - ശബരി.

Content Highlights: Prithviraj starrer Khalifa glimpse video getting good response

To advertise here,contact us