'ചില നെ​ഗറ്റീവ് കമന്റുകളും വരുന്നുണ്ട്'; അസുഖ വിവരം രഹസ്യമാക്കി വെച്ചതിന്റെ കാരണം പറഞ്ഞ് ഉല്ലാസ് പന്തളം

തന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയെന്ന് അറി‍ഞ്ഞ് ഉല്ലാസ് തന്നെ അസുഖ വിവരങ്ങൾ വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വളരെ അവശനായി ഊന്നുവടിയുടെ സഹായത്തോടെ നടന്ന് വരുന്ന ഉല്ലാസ് പന്തളത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വളരെ ആരോഗ്യവാനായി നടന്ന ഉല്ലാസിന് എന്ത് സംഭവിച്ചുവെന്നതിൽ ആർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് സ്ട്രോക്ക് വന്നുവെന്നും അതിനുശേഷം കൈകൾക്കും കാലിനും സ്വാ​ധീന കുറവ് ഉണ്ടായിയെന്നും ലക്ഷ്മി നക്ഷത്രയാണ് പിന്നീട് മീഡിയയോട് പറഞ്ഞത്. ഇപ്പോൾ തന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയെന്ന് അറി‍ഞ്ഞ് ഉല്ലാസ് തന്നെ അസുഖ വിവരങ്ങൾ വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ്. വീണ്ടും കലാരം​ഗത്ത് സജീവമാകണണമെന്ന ആ​ഗ്രഹം ഉണ്ടെന്നും അതിനായി ആരോ​ഗ്യം വീണ്ടെടുക്കാൻ പരിശ്രമിക്കുകയാണെന്നും ഉല്ലാസ് പന്തളം പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഉല്ലാസ് ഇക്കാര്യം പറഞ്ഞത്.

'ഞാൻ ഉല്ലാസാണ്. ഒരു ചെറിയ അസുഖം ബാധിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ ഇരുപതാം

തീയതി അതായത് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം എനിക്ക് ഒരു സ്ട്രോക്കുണ്ടായി. അതുകൊണ്ട് ഇടത് കാലിനും കൈയ്ക്കും സ്വാധീന കുറവ് വന്ന് ഇരിക്കുകയാണ്. അതിനാലാണ് ഇപ്പോൾ ചാനൽ പരിപാടികളിൽ എന്നെ കാണാത്തതും പ്രോ​ഗ്രാമുകളിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്തതും. കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി സോഷ്യൽ മീഡിയ വഴിയാണ് ആളുകൾ എന്റെ അസുഖ വിവരം അറിഞ്ഞത്. ഇക്കാര്യം ഞാൻ രഹസ്യമാക്കി വെച്ചിരുന്നതിന്റെ കാരണം സോഷ്യൽമീഡിയയിൽ പരസ്യമായാൽ അനാവശ്യമായ കമന്റുകൾ വരും എന്നതുകൊണ്ടാണ്'.

'പിന്നീട് ആലോചിച്ചപ്പോൾ തോന്നി അതിന്റെ ആവശ്യമില്ലെന്ന്. അടുത്തിടെ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് ലക്ഷ്മി നക്ഷത്ര എന്നെ ക്ഷണിച്ചു. കാരണം കുറേ നാളുകളായി ഞാൻ വീട്ടിൽ ഇരിക്കുകയല്ലേ. ഞാൻ സമ്മതം പറ‍ഞ്ഞു. അ​ങ്ങനെയാണ് ആ ഉദ്​ഘാടനത്തിൽ പങ്കെടുത്തതും എന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വരികയും രോ​ഗാവസ്ഥയെ കുറിച്ച് ആളുകൾ അറിയുകയും ചെയ്തത്. വീഡിയോ വൈറലായശേഷം സ്നേഹമുള്ളവരെല്ലാം എന്നെ അന്ന് മുതൽ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ട്. എല്ലാവരുടേയും പിന്തുണയുണ്ട്. എന്നിരുന്നാലും ചില നെ​ഗറ്റീവ് കമന്റ്സുകളും വരുന്നുണ്ട്'.

'പക്ഷെ അതൊന്നും നമ്മൾ നോക്കുന്നില്ല. ഞാൻ കലാരം​ഗത്ത് ഉണ്ടായിരുന്നപ്പോൾ എനിക്ക് തന്ന സപ്പോർട്ടിന് നന്ദി പറയുന്നു. എന്റെ രോഗാവസ്ഥയിൽ എന്നെ വിളിച്ച് ആശ്വസിപ്പിച്ച എല്ലാവരോടും ഹൃദയം തുറന്ന നന്ദി. കൂടുതൽ ശക്തിയോടെ ഞാൻ തിരിച്ച് വരും.‍ അതിനായുള്ള ചികിത്സയിലും പരിശീലനത്തിലുമാണ്. കൂടുതൽ ആരോ​ഗ്യത്തോടെ തിരിച്ച് വരാൻ നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം', ഉല്ലാസ് പന്തളം പറഞ്ഞു.

തിരുവല്ലയിൽ നടന്ന ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ വിഡീയോയിലൂടെയാണ് പ്രേക്ഷകർ ഈ വിവരം അറിയുന്നത്. ഊന്നുവടിയുടെ സഹായത്തോടെയാണ് നടൻ വേദിയിലെത്തിയത്. മുഖത്തെ ഒരുഭാഗം കോടിയത് പോലെയും കാണാം. സ്‌ട്രോക്ക് വന്നതിൽ പിന്നെയാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ബലക്ഷയമുണ്ടായതിനാൽ നടക്കാൻ സഹായം വേണം. കലാകാരന് നല്ല ആരോഗ്യം നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയത്.

Content Highlights: Ullas Pandalam talks about his latest health update

To advertise here,contact us