അഭിനയത്തിനൊപ്പം തന്നെ മലയാള സിനിമയിൽ നിരവധി ഗാനങ്ങളും മോഹൻലാൽ എന്ന നടൻ സമ്മാനിച്ചിട്ടുണ്ട്. മോഹൻലാലിന് പാട്ടു പാടാനുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് പാടിപ്പിക്കുന്നതെന്ന് സംഗീത സംവിധായകൻ എം ജയചന്ദ്രൻ പറഞ്ഞു. ഒരിക്കൽ മോഹൻലാൽ തന്നോട് ഓട്ടോഗ്രാഫ് നൽകാൻ ആവശ്യപ്പെട്ട നിമിഷത്തേക്കുറിച്ചും ജയചന്ദ്രൻ ഓർത്തെടുത്തു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ലാലു ചേട്ടൻ എന്ന് പറഞ്ഞാൽ എന്റെ ചേട്ടനെപ്പോലെ തന്നെയാണ്, കൊച്ചിലേ മുതലേ. ഞങ്ങൾ പൂജപ്പുര കണക്ഷനാണ്. എന്റെ അച്ഛനും അമ്മയും ലാലു ചേട്ടന്റെ അച്ഛനും അമ്മയുമൊക്കെ സുഹൃത്തുക്കളായിരുന്നു. ആ കാലം മുതലേ അറിയാം. എന്റെ ചേട്ടനെ പാടിപ്പിക്കുന്നതു പോലെ തന്നെയാണ് ലാലു ചേട്ടനെ പാടിപ്പിക്കുന്നത്.
ജെനുവിനായിട്ട് മ്യൂസിക് ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണദ്ദേഹം. ലാലു ചേട്ടൻ തന്നെ ഒരു പാട്ട് പാടി അഭിനയിക്കുമ്പോൾ അത് നന്നായിരിക്കും എന്നൊരു ചിന്തയുണ്ട്. 'കറുകറെ കറുത്തൊരു പെണ്ണാണ്', പ്രണയത്തിലെ ഒരു പാട്ട് പാടിപ്പിച്ചിട്ടുണ്ട്. പ്രണയത്തിലെ പാട്ടിന്റെ നൊട്ടേഷനൊക്കെ ഞാൻ എഴുതി വച്ചു. അപ്പോ ലാലു ചേട്ടൻ പറഞ്ഞു, 'മോനേ ഇതിനകത്ത് ഒരു ഓട്ടോഗ്രാഫ് ഇട്ട് തരൂ എന്ന്'. അപ്പോൾ ഞാൻ പറഞ്ഞു, 'ലാലു ചേട്ടൻ ആദ്യം ഓട്ടോഗ്രാഫ് ഇട്ടാൽ ഞാനും ഇടാമെന്ന്'. അങ്ങനെ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഓട്ടോഗ്രാഫ് ഇട്ടു.
അതുപോലെ മനോഹരമായ നിമിഷങ്ങൾ ഞങ്ങൾക്കിടയിലുണ്ട്. ഒടിയന്റെ കംപോസിഷന് ലാലു ചേട്ടനുണ്ടായിരുന്നു. ലാലു ചേട്ടന്റെ അടുത്തിരുന്ന് കൊണ്ടോരാം എന്ന പാട്ട് പാടി കേൾപ്പിക്കുന്നത്, അമ്മ മഴക്കാറിന് എന്ന പാട്ട് പാടി കേൾപ്പിക്കുന്നത് എന്റെ വീട്ടിൽ വെച്ചാണ്…അങ്ങനെ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഞങ്ങൾക്കിടയിലുണ്ട്. അദ്ദേഹത്തിന് മ്യൂസിക്കിനോടുള്ള പ്രണയമോ, സ്നേഹമോ അതൊക്കെയാണ് അദ്ദേഹത്തെക്കൊണ്ട് പാടിപ്പിക്കാൻ എന്നെ ഇഷ്ടപ്പെടുത്തുന്നത്,' ജയചന്ദ്രൻ പറഞ്ഞു.
Content Highlights: M Jayachandran recalls the experience of Mohanlal asking him to sign an autograph