'ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മൾ കരുതുന്നത്, പക്ഷെ വിവാഹം ഒരു ട്രാപ്പ്'; റിമ കല്ലിങ്കൽ

'വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ല'

വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി റിമ കല്ലിങ്കൽ. വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്നും അത് കാരണം നിരവധി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട് എന്നും റിമ കല്ലിങ്കൽ പറഞ്ഞു. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് ആ തിരിച്ചറിവ് ഉണ്ടായത്. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മൾ കരുതുന്നത് പക്ഷെ അതൊരു ട്രാപ്പ് ആണെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ റിമ പറഞ്ഞു.

'വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ല. എന്നാൽ അത് കാരണം നിരവധി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഞാനും ആഷിഖും പണ്ട് പ്രേമിച്ചിരുന്നതിനേക്കാൾ സുന്ദരമായിട്ടാണ് ഇപ്പോൾ പ്രേമിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ല എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് ആ തിരിച്ചറിവ് ഉണ്ടായത്. എനിക്ക് കല്യാണം കഴിക്കാൻ പോലും പ്ലാൻ ഇല്ലായിരുന്നു. പിന്നെ പാരന്റ്സിന് സമാധാനം ആകുമല്ലോ എന്ന് കരുതി ഒരു ഒപ്പിടും. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മൾ കരുതുന്നത് പക്ഷെ അതൊരു ട്രാപ്പ് ആണ്. നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിൽക്കുന്ന ചില കണ്ടീഷനിംഗും അതോടൊപ്പം വരുന്നു', റിമ കല്ലിങ്കൽ പറഞ്ഞു. 2013 ലാണ് സംവിധായകൻ ആഷിഖ് അബുവും റിമയും വിവാഹിതരാകുന്നത്.

നേരത്തെ തനിക്കെതിരെ ഉയർന്നിരുന്ന ട്രോളുകളെക്കുറിച്ച് റിമ പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. സംസ്ഥാന പുരസ്കാരം ലഭിച്ച ഒരു നടിയായിരുന്നിട്ടു കൂടി ഇൻഡസ്ട്രിയ്ക്കുള്ളവർ തന്നെ മറന്നു എന്ന് പറയുകയാണ് റിമ. തനിക്ക് നല്ല രീതിയിൽ ട്രോളുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ടാർ​ഗറ്റഡ് ആയി, പെയ്ഡ് ആയിട്ടാണ് തോന്നിയിട്ടുള്ളതെന്നും റിമ കല്ലിങ്കൽ പറഞ്ഞു. 'ഞാൻ‌ എവിടെപ്പോയാലും ആളുകളുടെ സ്നേഹം എനിക്ക് കിട്ടാറുണ്ട്. എന്റെ കയ്യിൽ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ.

ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും എനിക്ക് ടാർ​ഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാൽ ഞാൻ ഒന്നും പറയണ്ട പോലും ആവശ്യമില്ല', റിമ കല്ലിങ്കൽ പറഞ്ഞു. ആക്ടിവിസം എന്ന പേര് വന്നതോടു കൂടി ആളുകൾ മറന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു റിമയുടെ മറുപടി.

Content Highlights: Rima Kallingal talks about marriages

To advertise here,contact us