സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ പ്രതികരിക്കുകയാണ് നടൻ ജയറാം. സിനിമയിൽ ഒരു പ്രധാനവേഷത്തിൽ നടൻ എത്തിയിരുന്നു. റിഷബ് തന്നോട് ഈ കഥ പറഞ്ഞപ്പോൾ മുതൽ ത്രില്ലിൽ ആയിരുന്നുവെന്നും നല്ലൊരു മലയാള സിനിമയ്ക്കായുള്ള കത്തിരിപ്പിന്റെ ഇടയിലാണ് മറ്റു ഭാഷകളിൽ സിനിമകൾ ചെയ്തിരുന്നതെന്നും ജയറാം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
'മൂന്ന് വർഷം മുന്നേ റിഷബ് ഷെട്ടിയുടെ കാന്താര ആദ്യ ഭാഗം ഇറങ്ങിയ സമയത്ത്, ആ സിനിമ കണ്ടപ്പോൾ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയ്ക്കണം എന്നുണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്നെ തേടി അദ്ദേഹത്തിന്റെ കോൾ വന്നു, പെട്ടന്ന് ഞാൻ ഞെട്ടിപ്പോയി. നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ വർഷങ്ങളായി അദ്ദേഹം എന്റെ ഫാൻ ആണെന്ന് പറഞ്ഞു. കേരള കർണാടക ബോർഡറിലാണ് ഒരുപാട് കാലം അദ്ദേഹം ചിലവഴിച്ചത്. അന്നത്തെ കാലത്തെ എല്ലാ മലയാളം സിനിമകളും പുള്ളി കാണാറുണ്ട്. അങ്ങനെയാണ് എന്നെ വിളിച്ചത്.
കാന്താര 2 വിലേക്ക് ഏറ്റവും പ്രധാനപ്പെട്ട വേഷം ചെയ്യാൻ വരണം എന്നും സിനിമയുടെ കഥ പറയുകയും ചെയ്തു. വലിയ ത്രില്ല് തോന്നി കഥ കേട്ട് കഴിഞ്ഞപ്പോൾ അത്രയും മനോഹരമായ കഥാപാത്രമായിരുന്നു. 1000 കോടിയേക്കാൾ മുകളിൽ സിനിമ പോകുമെന്നാണ് പ്രൊഡ്യൂസറിനെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. നല്ലൊരു മലയാള സിനിമയ്ക്കായുള്ള കത്തിരിപ്പിന്റെ ഇടയിലാണ് മറ്റു ഭാഷകളിൽ സിനിമകൾ ചെയ്യുന്നത്,' ജയറാം പറഞ്ഞു.
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
കെജിഎഫ്, കാന്താര, സലാര് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള് നിര്മിച്ച ഇന്ത്യയിലെ മുന്നിര പാന്-ഇന്ത്യ പ്രൊഡക്ഷന് ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര് 1-ന്റെയും നിര്മാതാക്കള്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Content Highlights: Jayaram says Rishab Shetty is his biggest fan, reacts to Kantara's success